കൊക്കോയുടെ വിലയിടിഞ്ഞു; നശിച്ചത് ഇടത്തരം കർഷകരുടെ പ്രതീക്ഷകൾ

മൂവാറ്റുപുഴ: ഇടത്തരം കർഷകരുടെ പ്രതീക്ഷയായിരുന്ന കൊക്കോയുടെ വിലയിടിഞ്ഞു. മഴക്കാലം ആരംഭിക്കുന്നതിനുമുമ്പ് പച്ച കിലോക്ക് 45 മുതല്‍ 50 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 29 മുതൽ 32 രൂപ വരെയാണ്. റബര്‍ അടക്കമുള്ള കാര്‍ഷികോൽപന്നങ്ങളുടെ വില കുറഞ്ഞപ്പോഴും സാമാന്യം നല്ല വില ലഭിച്ചിരുന്ന കൊക്കോയിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍, കൊക്കോയുടെ വിലയും ഇടിഞ്ഞതോടെ കര്‍ഷകർ വന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഉണങ്ങിയ കൊക്കോ കിലോക്ക് 200--220 വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് നിലവില്‍ 100-120 എന്ന നിലയിലേക്ക് താഴ്ന്നു. ഉൽപാദനത്തിലെ വര്‍ധനയാണ് വിലയിടിവിന് കാരണമെന്ന് പറയപ്പെടുമ്പോഴും ചോക്ലറ്റ് ഉൽപാദക കമ്പനികളുടെ ഇടപെടലാണ് കാരണമെന്നും പറയുന്നു. കൊക്കോ ഉൽപന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുമതി കൊടുത്തതും ആഭ്യന്തരവിലയില്‍ ഇടിവിന് കാരണമായി. ജി.എസ്.ടി വന്നതോടെ കൊക്കോ സംഭരിക്കാന്‍ വ്യാപാരികള്‍ തയാറാകാതെ വന്നതും പ്രതിസന്ധിക്ക് കാരണമായി. നേരത്തേ പച്ച കൊക്കോ എല്ലാ ദിവസവും വ്യാപാരികൾ ശേഖരിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പല വ്യാപാരികളും സംഭരിക്കാന്‍ മടിക്കുകയാണ്. അടിക്കടി വിലയിടിയുന്നതും നേരത്തേ കൃത്യമായി സംഭരിച്ചിരുന്ന കമ്പനികള്‍ ഇതില്‍നിന്ന് പിന്നാക്കം പോയതുമാണ് ഇതിന് കാരണമെന്നു പറയുന്നു. മഴക്കാലം ആരംഭിച്ചതോടെ ഉണങ്ങി സൂക്ഷിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം നേരത്തേ വില്‍പനക്ക് എത്തിയിരുന്നതി​െൻറ മൂന്നിരട്ടിയോളം പച്ച കൊക്കോയാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. റബര്‍ വിലയിടിഞ്ഞതോടെ നിരവധി കര്‍ഷകര്‍ കൊക്കോ കൃഷിക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. മധ്യകേരളത്തിലടക്കം ഇത് വ്യാപകമായി കൃഷി ചെയ്തിരുന്നു. വിളവെടുപ്പിനും മറ്റും തൊഴിലാളികളെ കൂടുതല്‍ ആവശ്യമില്ലാത്തതും കൃഷിച്ചെലവു കുറവായതുമാണ് കൊക്കോകൃഷിയുടെ വ്യാപനത്തിന് കാരണമായത്. കോക്കോക്ക് ഭേദപ്പെട്ട വില ലഭിച്ചിരുന്നതിനാല്‍ നിരവധിേപര്‍ കൊക്കോ കൃഷി വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. നിലവിലെ വിലയനുസരിച്ച് കര്‍ഷകര്‍ക്ക് മുന്നോട്ടുപോകാനാവില്ല. കൊക്കോയുടെ ഇറക്കുമതി നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂടുമെന്ന സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.