കോതമംഗലം: സ്ഥിരമായി ശല്യം ചെയ്തുവന്ന ബസ് ജീവനക്കാരനെതിരെ കോളജ് വിദ്യാർഥിനി ഊന്നുകൽ പൊലീസിന് പരാതി നൽകി. യാത്രക്കാരായ വിദ്യാർഥിനികളെ സ്ഥിരമായി ശല്യം ചെയ്യുന്നു എന്ന് കാണിച്ച് കോതമംഗലം-നീണ്ടപാറ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരന് എതിരെയാണ് പരാതി നൽകിയത്. തിരക്കുള്ളപ്പോൾ വിദ്യാർഥിനികളുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിക്കുകയും ചോദ്യം ചെയ്യുന്നവരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് പതിവെന്ന് പരാതിയിൽ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ബസ്സിൽ കയറിയ സ്കൂൾ വിദ്യാർഥിനികൾക്കു നേരെ ഇയാളുടെ അതിക്രമം ഉണ്ടായി. ഇത് ശ്രദ്ധയിൽപ്പെട്ട കോളജ് വിദ്യാർഥിനി ജീവനക്കാരനെ ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കിസാൻ ക്രെഡിറ്റ് കാർഡുമായി വാരപ്പെട്ടി സഹകരണ ബാങ്ക് കോതമംഗലം: കാർഷിക വായ്പ എടുത്തിട്ടുള്ള കൃഷിക്കാർക്കായി കിസാൻ ക്രെഡിറ്റ് കാർഡുമായി വാരപ്പെട്ടി സഹകരണ ബാങ്ക്. കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ എവിടെനിന്നും എ.ടി.എം വഴി പണം പിൻവലിക്കാൻ കഴിയും. സഹകരണ മേഖലയിൽ ജില്ലയിൽ ആദ്യമായി കിസാൻ കാർഡ് ഏർപ്പെടുത്തുന്നത് വാരപ്പെട്ടി ബാങ്കാണ്. ശനിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ ആൻറണി ജോൺ എം.എൽ.എ കാർഡ് വിതരണം ഉദ്ഘാടനം ചെയ്യും. 250 കർഷകർക്ക് പച്ചക്കറി വിത്തുകൾ പഞ്ചായത്ത് പ്രസിഡൻറ് നിർമല മോഹൻ വിതരണം ചെയ്യും. കേരള ഫീഡ്സ് ചെയർമാൻ ഇന്ദു ശേഖരൻ നായർ ബാങ്ക് പ്രസിഡൻറ് എം.ജി. രാമകൃഷ്ണൻ എന്നിവർ സംബന്ധിക്കും. പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും കോതമംഗലം: കുടുംബശ്രീ വഴി ശേഖരിച്ച ചികിത്സ സഹായത്തിെൻറ പേരിൽ തട്ടിപ്പ് നടത്തിയ കീരംപാറ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സണെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജയകുമാർ വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. കെ.വി. ദാസ്, ഇ.യു. കുര്യാക്കോസ്, പി.എ. പാപ്പു, എം.ജി. സുരേന്ദ്രൻ, ടി.ജി. ഹരി, സന്തോഷ് തോമസ്, ടി.വി. മനോജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.