ആലുവ: കീഴ്മാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്‍നത്തിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ജീവനക്കാരെയും പഞ്ചായത്ത് അംഗങ്ങളെയും ഉപരോധിച്ചു. എ.ഐ.വൈ.എഫ് കീഴ്മാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആലുവയിലെ വാട്ടർ അതോറിറ്റി ഓഫിസിൽ ഉപരോധം നടത്തിയത്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്‌ഥ മൂലമാണ് പൈപ്പിലെ തകരാർ പരിഹരിക്കാൻ വൈകിയതെന്ന് സംഘടന ആരോപിച്ചു. കുടിവെള്ളം എത്തിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ സമീപിച്ചപ്പോൾ പണം അടക്കുന്ന വാട്ടർ അതോറിറ്റിയിൽ പോയി സമരം ചെയ്യാൻ ആവശ്യപ്പെട്ടതായി എ.ഐ.വൈ.എഫ് ആരോപിക്കുന്നു. തുടർന്നാണ് പ്രവർത്തകർ ഓഫിസിലെത്തിയത്. ഈ സമയം പഞ്ചായത്ത് ഭരണ സമിതിയിലെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ജനരോഷം ഭയന്ന് വാട്ടർ അതോറിറ്റി ഓഫിസിൽ എത്തിയിരുന്നു. ഇതോടെയാണ് ഓഫിസ് കെട്ടിടത്തിെൻറ ഗേറ്റ് പൂട്ടിയിട്ട് ജനപ്രതിനിധികളെയും ഉദ്യോഗസ്‌ഥരെയും ഉപരോധിച്ചത്. വിവരമറിഞ്ഞ് ആലുവ പ്രിൻസിപ്പൽ എസ്.ഐ ഫൈസലിെൻറ നേതൃത്വത്തിൽ പൊലീസും എത്തി. തുടർന്ന് വാട്ടർ അതോറിറ്റി ജില്ല സൂപ്രണ്ടിങ് ബാബു തോമസ് സി.പി.ഐ നേതാക്കളായ കെ.ജെ. ഡൊമിനിക്, പ്രേമാനന്ദൻ, ജോബി മാത്യു തുടങ്ങിയവരുമായി ചർച്ച നടത്തി. വിദഗ്ധരെ കൊണ്ട് പൊട്ടിയപൈപ്പ് ഉടൻ നന്നാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. ശരിയാകുന്നതുവരെ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കാനും ധാരണയായി. സമരം എ.ഐ.ടി.യു.സി ആലുവ നിയോജക മണ്ഡലം സെക്രട്ടറി കെ.ജെ. ഡൊമിനിക് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് ജോബി മാത്യു അധ്യക്ഷത വഹിച്ചു. പി.വി. പ്രേമാനന്ദൻ, എം.എ. യൂസഫ്, പി.എ.അബ്‌ദുൽ കരീം, കെ.കെ. രമേശ്, ജെറി മാത്യു, എൻ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.