പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നീളുന്നു; കീഴ്മാട് കുടിവെള്ള വിതരണം വൈകും, ദുരിതമൊഴിയാതെ നാട്ടുകാർ

ആലുവ: കീഴ്മാട് പഞ്ചായത്തിലെ പ്രധാന കുടിവെള്ള വിതരണ പൈപ്പി​െൻറ അറ്റകുറ്റപ്പണി നീളുന്നു. ഇതുമൂലം നാലുദിവസംകൂടി ജലവിതരണം തടസ്സപ്പെടാൻ സാധ്യത. ഒരാഴ്ചയോളമായി പഞ്ചായത്തിൽ കുടിവെള്ളവിതരണം നിലച്ചിരിക്കുകയാണ്. പൈപ്പ് നന്നാക്കൽ വൈകുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുകയാണ്. വെള്ളമില്ലാത്തതിനാൽ പലരും മറ്റ് സ്ഥലങ്ങളിലെ ബന്ധുക്കളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. എന്നാൽ, വിദ്യാർഥികളുള്ള വീട്ടുകാർക്ക് ഇതിനും നിവൃത്തിയില്ലാത്ത അവസ്ഥയാണ്. അധികൃതരുടെ അനാസ്‌ഥയാണ് കീഴ്മാട് പഞ്ചായത്തിൽ കുടിവെള്ള പ്രശ്‍നം രൂക്ഷമാക്കിയത്. പഞ്ചായത്തിലേക്കുള്ള പൈപ്പുകൾ കാലപ്പഴക്കത്താൽ നിരന്തരം തകരാറിലാണ്. എം.എൽ.എ അടക്കമുള്ള അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ടും ശാശ്വതപരിഹാരം ഉണ്ടായിട്ടില്ല. ശ്രീ നാരായണഗിരിക്ക് മുകളിലെ ടാങ്കിൽനിന്ന് വെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. തടിയിട്ടപറമ്പ് റോഡിൽനിന്ന് അയ്യങ്കുഴി ഭാഗത്തേക്ക് പോകുന്ന ഉപറോഡിലാണ് പൊട്ടൽ. പ്രധാന പൈപ്പിലേക്ക് ടാങ്കിൽനിന്നുള്ള പൈപ്പ് കൂടിച്ചേരുന്ന ഭാഗത്താണ് പ്രശ്‍നം നിലനിൽക്കുന്നത്. കഴിഞ്ഞദിവസം പൈപ്പ് നന്നാക്കി വീണ്ടും ജലം വിട്ടെങ്കിലും ഉടൻ ചോർച്ച തുടങ്ങുകയായിരുന്നു. പൈപ്പി‍​െൻറ ശേഷിക്കുറവുമൂലം വെള്ളം ശക്തമായി ഒഴുകിയെത്തുമ്പോൾ ഉണ്ടാകുന്ന സമ്മർദം മൂലം ജോയൻറുകൾ തള്ളിപ്പോകുകയാണ്. ഈ ഭാഗവും ഉയർത്തിയെടുത്ത് അടിഭാഗത്ത് കോൺക്രീറ്റ് ചെയ്ത് കൂടുതൽ ബലപ്പെടുത്താനാണ് വാട്ടർ അതോറിറ്റി അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഈ പണി പൂർത്തിയാകാൻ നാലുദിവസമെങ്കിലും എടുക്കും. ചാലക്കൽ, മോസ്കോ, അസ്ഹർ നഗർ, എടയപ്പുറം, കുട്ടമശ്ശേരി, അമ്പലപ്പറമ്പ്, സൂര്യനഗർ, കീരംകുന്ന്, മലയൻകാട് തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂഗർഭ ജലലഭ്യത കുറവുള്ളത്. ഈ മേഖലകളിൽ പൈപ്പ് വെള്ളം മാത്രമാണ് ഏക ആശ്രയം. പലപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലാണ് പല ഭാഗത്തും വെള്ളം ലഭിക്കുന്നത്. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് വെള്ളെമത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല. പഴയ സൗകര്യങ്ങൾ ഉപയോഗിച്ചാണ് കീഴ്മാട് ഭാഗത്തേക്കുള്ള വെള്ളം പമ്പുചെയ്യുന്നതും വിതരണം ചെയ്യുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.