കോലഞ്ചേരി: മലങ്കരസഭ തർക്കത്തിൽ സുപ്രീംകോടതി വിധിയുടെ പകർപ്പ് ലഭിച്ച പള്ളികളിൽ വിധി നടപ്പാക്കാൻ ധാരണ. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ലയുടെ സാന്നിധ്യത്തിൽ യാക്കോബായ,- ഓർത്തഡോക്സ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതനുസരിച്ച് കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി പള്ളികളിൽ വിധി നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ജില്ല ഭരണകൂടവും പൊലീസും ഏർപ്പെടുത്തും. പിറവം നെച്ചൂർ പള്ളിയിൽ വിധിപ്പകർപ്പ് ലഭിക്കുന്നതുവരെയും വിധി പ്രഖ്യാപിക്കാത്ത കണ്യാട്ടുനിരപ്പ് പള്ളിയിൽ വിധി വരുന്നതുവരെയും തൽസ്ഥിതി തുടരാനും തീരുമാനമായി. കോലഞ്ചേരി പള്ളിയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന പെരുന്നാളാഘോഷങ്ങൾക്ക് യാക്കോബായവിഭാഗം അവരുടെ ചാപ്പലിൽനിന്നും ഓർത്തഡോക്സ് വിഭാഗം അവരുടെ പള്ളിയിൽനിന്നും പ്രദക്ഷിണം ആരംഭിക്കണം. ഇതിന് വ്യത്യസ്ത സമയവും ക്രമീകരിച്ചിട്ടുണ്ട്. ഇൗ പള്ളികളുടെ സെമിത്തേരി സംബന്ധിച്ച ചർച്ച അടുത്തദിവസം നടത്താനും തീരുമാനമായിട്ടുണ്ട്. ചർച്ചകളിൽ മൂവാറ്റുപുഴ ആർ.ഡി.ഒ എസ്. ഷാജഹാൻ, ഡിവൈ.എസ്.പി കെ.ബിജുമോൻ, സർക്കിൾ ഇൻസ്പെക്ടർമാരായ എ.എൽ. യേശുദാസൻ (പുത്തൻകുരിശ്), പി.കെ. ശിവൻകുട്ടി (പിറവം) എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.