കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷനായ പാത്രിയാര്‍ക്കീസ് ബാവയുടെ പേരില്‍ വ്യാജ കൽപന പുറപ്പെടുവിച്ച തോമസ് പ്രഥമന്‍ കാതോലിക്ക ബാവക്കെതിരെ കോടതി കേസെടുത്തതായി യാക്കോബിറ്റ് അല്‍മായ ഫോറം. സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലനെതിരെയും കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇടുക്കി ഭദ്രാസന മെത്രാേപ്പാലീത്ത ഡോ. കുര്യാക്കോസ് മാര്‍ ക്ലീമിസിനെ സഭയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ച് പാത്രിയാര്‍ക്കീസ് ബാവയുടേതെന്ന പേരില്‍ പള്ളികളില്‍ വ്യാജ കല്‍പന വായിക്കുകയായിരുന്നു. ഇതിനെതിരെ ഡോ. കുര്യാക്കോസ് മാര്‍ ക്ലീമിസ് പെരുമ്പാവൂര്‍ സബ് കോടതിയില്‍ ഹരജി നൽകി. തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും സഭ ട്രസ്റ്റിയും പുത്തന്‍കുരിശില്‍ വ്യാജമായി തയാറാക്കിയ കൽപനയാണ് ഇതെന്ന് കോടതി കണ്ടെത്തി. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്ത് തുടരാന്‍ ഡോ. കുര്യാക്കോസ് മാര്‍ ക്ലീമിസിന് കോടതി അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് തോമസ് പ്രഥമന്‍ ബാവക്കും തമ്പു ജോര്‍ജ് തുകലനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ അല്‍മായ ഫോറം പ്രസിഡൻറ് പോള്‍ വര്‍ഗീസ് കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കോടതി കേസെടുത്ത പശ്ചാത്തലത്തില്‍ തോമസ് പ്രഥമന്‍ ബാവ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് അല്‍മായ ഫോറം പ്രസിഡൻറ് പോള്‍ വര്‍ഗീസ്, രക്ഷാധികാരി തുകലന്‍ മാത്തച്ചന്‍, സാബു തൊഴുപ്പാടന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.