ഡാർജീലിങ്: പ്രത്യേക സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഡാർജീലിങ്ങിൽ നടക്കുന്ന പ്രക്ഷോഭം സംഘർഷഭരിതം. യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. പൊലീസ് വെടിവെപ്പിലാണ് യുവാവ് മരിച്ചതെന്ന് സമരക്കാർ ആരോപിച്ചു. സംഘർഷം രൂക്ഷമായ സൊനാട, ഡാർജീലിങ് മേഖലയിൽ 100 അംഗങ്ങളുള്ള രണ്ട് സൈനികവ്യൂഹത്തെ വിന്യസിച്ചു. താഷി ബൂട്ടിയ എന്നയാളാണ് മരിച്ചതെന്ന് ഗൂർഖ നാഷനൽ ലിബറേഷൻ ഫ്രണ്ട് വക്താവ് നീരജ് സിംബ അറിയിച്ചു. മരുന്നു വാങ്ങാൻ വീട്ടിൽനിന്ന് ഇറങ്ങിയ യുവാവിനെ വെള്ളിയാഴ്ച രാത്രി പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നത്രെ. എന്നാൽ, പൊലീസ് ഇക്കാര്യം നിഷേധിച്ചു. വെടിവെപ്പ് സംബന്ധിച്ച് റിപ്പോർെട്ടാന്നും ലഭിച്ചില്ലെന്നും അന്വേഷിച്ചശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനാകൂവെന്നും െഎ.ജി.പി ജാവേദ് ശമീം അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട യുവാവിെൻറ ശരീരത്തിൽ വെടികൊണ്ട പാടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഗൂർഖ ജൻമുക്തി മോർച്ച നേതാവ് ബിനയ് തമാങ് പറഞ്ഞു. മൃതദേഹവുമായി റാലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വാർത്ത പരന്നതോടെ പ്രകോപിതരായ പ്രക്ഷോഭകർ സൊനാടയിൽ ഒരു പൊലീസ് സ്റ്റേഷനും ഡാർജീലിങ്–ഹിമാലയൻ റെയിൽവേയുടെ ഒരു സ്റ്റേഷനും തീയിട്ടു. പശ്ചിമ ബംഗാളിൽനിന്ന് വേർപെടുത്തി ഡാർജീലിങ് കേന്ദ്രമാക്കി പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഗൂർഖ ജൻമുക്തി മോർച്ചയുടെ നേതൃത്വത്തിൽ 24 ദിവസമായി അനിശ്ചിതകാല ബന്ദ് ആചരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. സമരത്തെതുടർന്ന് മേഖലയിൽ ഭക്ഷ്യലഭ്യത കുറഞ്ഞു. ജി.ജെ.എം പ്രവർത്തകരും വിവിധ എൻ.ജി.ഒ സംഘടനകളും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇൻറർനെറ്റ് ബന്ധം 21 ദിവസമായി മുടങ്ങിക്കിടക്കുകയാണ്. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ചർച്ചകൾ എങ്ങുമെത്തിയില്ല. ത്രികക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമ ബംഗാൾ സർക്കാർ, ജി.ജെ.എം, കേന്ദ്ര സർക്കാർ എന്നിവയാണ് ത്രികക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.