െകാച്ചി: മുൻ ഡി.ജി.പി ടി.പി. സെൻകുമാറടക്കം രണ്ടുപേരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗങ്ങളായി നിയമിക്കുന്നത് സംബന്ധിച്ച സെലക്ഷൻ കമ്മിറ്റി ശിപാർശ കേന്ദ്ര സർക്കാറിന് നൽകിക്കഴിഞ്ഞതായി സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. ഗവർണറുടെ അംഗീകാരത്തോടെ ജൂൺ 29ന് ഫയൽ കേന്ദ്രത്തിന് അയച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചത്. മൂന്നാഴ്ചക്കകം ശിപാർശ ഫയലുകൾ കേന്ദ്രത്തിലെത്തിക്കണമെന്ന ഏപ്രിൽ ആറിലെ കോടതി വിധി പാലിക്കാത്തതിനെതിരെ കോടതിയലക്ഷ്യം ആവശ്യപ്പെട്ട് സതീഷ് എന്നയാൾ നൽകിയ ഹരജിയിലാണ് വിശദീകരണം. കെ.എ.ടി അംഗങ്ങളുടെ രണ്ട് ഒഴിവിലേക്ക് സെൻകുമാറിെൻറയും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിെൻറയും പേര് മാസങ്ങൾക്കുമുേമ്പ ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള സമിതി ശിപാർശ ചെയ്തിട്ടും ഇതുവരെ നിയമന നടപടി പൂർത്തീകരിച്ചിട്ടില്ലെന്നാരോപിച്ചാണ് സതീഷ് കോടതിയെ സമീപിച്ചത്. ഏപ്രിൽ 17നാണ് വിധിപ്പകർപ്പ് ലഭിച്ചതെന്ന് ഭരണപരിഷ്കരണ വിഭാഗം ജോ. സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ കുഞ്ഞ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. ഏപ്രിൽ 20ന് മന്ത്രിസഭ യോഗം വിഷയം ചർച്ചചെയ്ത് 27ന് ഫയൽ ഗവർണർക്ക് അയച്ചു. എന്നാൽ, സെലക്ഷൻ കമ്മിറ്റി ശിപാർശ ഉചിത പരിഗണനക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയക്കാനായി കേന്ദ്ര സർക്കാറിന് കൈമാറണമെന്ന നിർദേശത്തോടെ ഗവർണർ ഫയൽ മടക്കി. മേയ് 10ന് ചേർന്ന മന്ത്രിസഭ യോഗം ശിപാർശ ചില വിയോജനക്കുറിപ്പുകളോടെ അയക്കാൻ തീരുമാനിച്ചു. ഗവർണറുടെ നിലപാട് രേഖപ്പെടുത്താനായി ഫയൽ മേയ് 31ന് വീണ്ടും ഗവർണർക്ക് അയച്ചു. ജൂൺ മൂന്നിന് ഗവർണർ പരിശോധിച്ച ഫയൽ സർക്കാറിന് മടക്കിയയച്ചു. കോടതി ഉത്തരവുപ്രകാരം ഗവർണറുടെ അംഗീകാരത്തോടെ ലഭിച്ച ഫയൽ ഒരാഴ്ചക്കകം കേന്ദ്ര സർക്കാറിന് അയക്കണമായിരുന്നു. ജൂൺ ആറിനാണ് ഗവർണറിൽനിന്ന് ഫയൽ ലഭിച്ചത്. എന്നാൽ, ഒാഫിസുമായി ബന്ധപ്പെട്ട ചില ഭരണപരമായ തടസ്സങ്ങൾ മൂലം ഫയൽ കൃത്യസമയത്ത് അയക്കാനായില്ല. ജൂൺ 29നാണ് ഇ-മെയിൽ, ഫാക്സ്, സ്പീഡ് പോസ്റ്റ് എന്നിവ മുഖേന കേന്ദ്രത്തിന് അയച്ചുകൊടുക്കാനായത്. മനപ്പൂർവം വൈകിപ്പിച്ചതല്ലെന്നും ഇൗ വൈകൽ വകവെച്ചുനൽകണമെന്നും ഹരജി തീർപ്പാക്കണമെന്നും വിശദീകരണ പത്രികയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.