തൃപ്പൂണിത്തുറ: ചരക്കുസേവന നികുതി (ജി.എസ്.ടി) വെള്ളിയാഴ്ച അർധരാത്രി നിലവിൽ വന്നെങ്കിലും പൊതുവിപണിയിൽ ഞായറാഴ്ചയും വിലക്കുറവ് അനുഭവപ്പെട്ടില്ല. അതേസമയം, ടൗണിലെ ചില ഹോട്ടലുകളിലും മറ്റും ഉൗണിന് 10 മുതൽ 15 രൂപവരെ കൂടി. ജി.എസ്.ടി വരുന്നതോടെ അരിക്കും പഞ്ചസാരക്കും വില കുറയുമെന്ന് പ്രതീക്ഷിച്ചവരും നിരാശരായി. ഞായറാഴ്ച രാവിലെ പച്ചക്കറിക്കടകളിൽ തക്കാളി, വെണ്ട എന്നിവ കിലോക്ക് 80 രൂപയായിരുന്നു വില. ഏത്തപ്പഴം 60-65 രൂപ. നേരത്തേ യഥാക്രമം 40-50 രൂപയായിരുന്നു ഇവയുടെ വില. പല നിത്യോപയോഗ സാധനങ്ങളുടെയും വില കൂടി. മത്സ്യം, മാംസം എന്നിവയടക്കം പലതും വില കുറച്ച് കിട്ടാത്തതാണ് ഭക്ഷണത്തിന് വില കുറക്കാൻ കഴിയാത്തതിന് കാരണമെന്നാണ് ഹോട്ടൽ വൃത്തങ്ങൾ പറയുന്നത്. പുതിയ നികുതി സമ്പ്രദായം സംബന്ധിച്ച അനിശ്ചിതത്വവും വില വർധിപ്പിക്കാൻ ഇടയാക്കി. ജി.എസ്.ടി വന്നിട്ടും തങ്ങൾക്ക് കിട്ടുന്ന പച്ചക്കറികളുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ഉൽപാദനക്കുറവുള്ള പച്ചക്കറികൾക്ക് പൊതുവെ വില കൂടുകയും ചെയ്തു. ജി.എസ്.ടിയെക്കുറിച്ച് സാധാരണക്കാർക്കുള്ള അജ്ഞത മുതലെടുത്ത് പഴം-, പച്ചക്കറി വ്യാപാരികൾ തോന്നിയ വില ഇൗടാക്കുന്നതായും പരാതിയുണ്ട്. താൽക്കാലികമായിട്ടാണെങ്കിലും ഇൗ രീതി കുറച്ചുനാൾ തുടരുമെന്നതിനാൽ ഒാണവിപണിയിൽ കച്ചവടക്കാരുടെ കൊള്ളയടി മുൻകാലങ്ങളേക്കാൾ വർധിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.