ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി: മൂവാറ്റുപുഴ നഗരസഭയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം

മൂവാറ്റുപുഴ: ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം) പദ്ധതിപ്രകാരം മൂവാറ്റുപുഴ നഗരസഭയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ഒന്നാംഘട്ട പ്രവര്‍ത്തനത്തി​െൻറ ഭാഗമായി നഗരസഭ ഹാളില്‍ നടന്ന ജനറല്‍ ഒറിയേൻറഷന്‍ ട്രെയിനിങ് (ജി.ഒ.ടി) നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍ പദ്ധതി വിശദീകരണം നടത്തി. നിര്‍ധനർക്കായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം ലഭിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയര്‍പേഴ്‌സൻ നിർവഹിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ 250-ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് എം.എ. സഹീര്‍ പറഞ്ഞു. എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ ആര്‍.ഒ പ്ലാൻറ് (കുടിവെള്ള പദ്ധതി), സാന്ത്വനം യൂനിറ്റ്, ലോണ്‍ട്രി യൂനിറ്റ്, കാറ്ററിങ് യൂനിറ്റ്, മറ്റ് ചെറുകിട വ്യവസായങ്ങള്‍ എന്നിവയാണ് നടപ്പാക്കുന്നത്. 18നും 35-നും ഇടയില്‍ പ്രായമുള്ളവർക്ക് സൗജന്യമായി തൊഴിലധിഷ്ഠിത കോഴ്‌സ് തുടങ്ങാനും നിയമനാനന്തര സഹായം നല്‍കാനുമാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.