ആലുവ: ട്രാക്ക് പരിശോധിക്കുന്ന പുഷ് ട്രോളി എതിരെ വന്ന തീവണ്ടി എൻജിന്‍ ഇടിച്ചു തെറിപ്പിച്ചു. ഇടിക്കുന്നതിന് മുമ്പേ ട്രോളിയിലുള്ളവര്‍ പുറത്തുചാടിയതിനാല്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെ പത്തോടെ ആലുവ അമ്പാട്ടുകാവിലായിരുന്നു സംഭവം. ആലുവ സ്റ്റേഷനില്‍ നിന്ന് കളമശ്ശേരിയിലേക്ക് പോകുകയായിരുന്ന പുഷ് ട്രോളിയിൽ ആലുവയിലേക്ക് വരുകയായിരുന്ന എൻജിനാണ് ഇടിച്ചത്. അമ്പാട്ടുകാവിലെ കൊടുംവളവിൽ എൻജിന്‍ വരുന്നതും ട്രോളി വരുന്നതും പരസ്പരം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അടുത്തെത്തിയ എൻജിന്‍ ഹോൺ മുഴക്കിയപ്പോഴാണ് ട്രോളിയിലുണ്ടായിരുന്നവർ ഇക്കാര്യം ശ്രദ്ധിച്ചത്. ട്രോളി കണ്ടയുടൻ എൻജിന്‍ ഡ്രൈവര്‍ ബ്രേക്കിട്ടെങ്കിലും കൂട്ടയിടി ഒഴിവാക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ട്രോളിയുടെ ചക്രങ്ങളും തടിഭാഗങ്ങളും മീറ്ററുകളോളം തെറിച്ചുപോയി. ദേശീയപാതക്ക് സമീപമാണ് ഇവ വീണത്. റോഡിലേക്ക് വീഴാതിരുന്നതിനാൽ കൂടുതൽ അപകടമുണ്ടായില്ല. കൂട്ടിയിടിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് ട്രോളിയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. പുഷ് ട്രോളിയിൽ പരിശോധന നടത്തുമ്പോള്‍ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്ന് തൊട്ടടുത്ത സ്റ്റേഷനില്‍ വിവരമറിയിക്കാറുണ്ട്. അതനുസരിച്ച് എല്ലാ എൻജിന്‍ ഡ്രൈവര്‍മാര്‍ക്കും കോഷന്‍ നോട്ട് കൊടുക്കും. ട്രെയിന്‍ വരുമ്പോള്‍ ട്രോളി പാളത്തില്‍നിന്ന് എടുത്തുമാറ്റുകയും ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.