ആലുവ: കുഴികൾ നിറഞ്ഞതോടെ ആലുവ-മൂന്നാർ ദേശസാത്കൃത റോഡിൽ ദുരിതയാത്ര. വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന ജില്ലയിലെ തന്നെ പ്രധാന റോഡുകളിലൊന്നിനാണ് ഈ ദുരവസ്ഥ. പല ഭാഗത്തും ടാറും മെറ്റലും ഇളകിയ നിലയിലാണ്. ആലുവ മുതൽ മാറമ്പിള്ളി വരെ ഭാഗങ്ങളിലാണ് കുഴികൾ ഏറെയും. തോട്ടുമുഖം കവല, കുട്ടമശ്ശേരി, ആനിക്കാട് കവല, പെരിയാർ പോട്ടറീസ് കവല എന്നിവിടങ്ങളിലെ കുഴികൾ അപകടം ക്ഷണിച്ചുവരുത്തുന്നവയാണ്. മഴവെള്ളം നിറഞ്ഞ കുഴികളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കുഴിയിൽ വീഴുന്നവരിൽ ഏറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. സമയനഷ്ടത്തിനും ഗതാഗത കുരുക്കിനും കുഴികൾ കാരണമാകുന്നുണ്ട്. കുഴികൾ മൂലം തിരക്കേറിയ ആലുവ -- മൂന്നാർ റോഡിൽ ഗതാഗത തടസ്സവും പതിവാണ്. റോഡ് ഇത്രയേറെ തകർന്നിട്ടും പൊതുമരാമത്ത് അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡ് തകർന്ന് ഗതാഗതം ബുദ്ധിമുട്ടായിട്ടും അധികൃതർ വിഷയത്തെ ഗൗരവമായെടുത്തിട്ടില്ല. പരാതികൾ വർധിക്കുമ്പോഴും ഉദ്യോഗസ്ഥർ പുലർത്തുന്ന നിസ്സംഗത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിവിധ സംഘടനകളും നാട്ടുകാരുമൊക്കെയാണ് പലയിടത്തും കുഴികൾ അടക്കുന്നത്. പലയിടത്തും സീബ്ര വരകൾ ഇല്ലാതായിട്ടും കാലമേറെയായി. തോട്ടുമുഖം, മഹിളാലയം, ചൊവ്വര, കുട്ടമശേരി എന്നിവിടങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ പ്രയാസം നേരിടുന്നുണ്ട്. കീഴ്മാട് ആയുർവേദ ആശുപത്രി, പോസ്‌റ്റ് ഓഫിസ് എന്നിവിടങ്ങളിലെത്തുന്ന വയോധികൾ ഉൾപ്പെടെ ആളുകൾ ജീവൻ പണയംവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.