തിരുവോണം വരവായി; അത്തച്ചമയത്തി​െൻറ അരങ്ങുണർന്നു

അത്താഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു തൃപ്പൂണിത്തുറ: രാജനഗരത്തിലെ അത്താഘോഷത്തിന് ഗംഭീര തുടക്കം. വെള്ളിയാഴ്ച രാവിലെ നടന്ന അത്തം ഘോഷയാത്ര കാണാൻ പുലർച്ച മുതൽ ജനസമുദ്രം നഗരത്തിലേക്ക് ഒഴുകിയെത്തി. ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിൽ രാവിലെ 9.45ഒാടെ നടന്ന സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചരിത്രസ്മരണകൾ ഉറങ്ങുന്ന രാജവീഥികളെ പുളകമണിയിച്ചുള്ള അത്തം ഘോഷയാത്ര അത്തംനഗറിൽനിന്ന് പുറപ്പെട്ടു. നഗരം മുഴക്കിയുള്ള വാഹനത്തി​െൻറ പിന്നിലാണ് അത്തച്ചമയഘോഷയാത്ര നീങ്ങിയത്. മഹാബലി, പഞ്ചവാദ്യം ചമയങ്ങളണിഞ്ഞ ഗജവീരന്മാർ, അത്തപ്പതാകേയന്തിയ വിദ്യാർഥികൾ, നാഗസ്വരം, പല്ലക്ക്, മുത്തുക്കുടകൾ ചൂടിയ കുടുംബശ്രീ വനിതകൾ, അംഗൻവാടി അധ്യാപകർ, ആശാ വർക്കർമാർ, ബാൻഡ് മേളം, ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, പാലസ് സ്കൂൾ, സംസ്കൃത സ്കൂൾ, വെങ്കിടേശ്വര സ്കൂൾ എന്നിവയിലെ യൂനിഫോം അണിഞ്ഞ വിദ്യാർഥികൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങൾ, പുലിക്കളി, ചെണ്ടമേളം, വനിത ശിങ്കാരിമേളം, വേലകളി സംഘം, മാർഗംകളി, തിരുവാതിരകളി സംഘങ്ങൾ, ചിന്തുമേളം, ഭഗവതിതെയ്യം, അർധനാരീശ്വര നൃത്തം, പമ്പമേളം, പൂക്കാവടി, തെയ്യക്കാവടി, കൊട്ടക്കാവടി, അമ്പലക്കുടം, രക്തേശ്വരി തെയ്യം, നാഗഭഗവതി തെയ്യം, ശ്രീകൃഷ്ണലീല, മയിൽതെയ്യം, ഒാട്ടന്തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻതുള്ളൽ, കരകാട്ടം, പരാശക്തി െതയ്യം, ഭൂതൻതിറ, മയൂരനൃത്തം, ദേവി നൃത്തം, വേലകളി, പടയണി, അർജുന നൃത്തം, പൊട്ടൻ തെയ്യം, പൊയ്ക്കാൽ നൃത്തം, ദേവിരഥായനം, ഗരുഡൻപറവ, ബാഹുബലി, ബൊമ്മനാട്ടം, മാരിതെയ്യം, യക്ഷഗാനം, മംഗലംകളി, വടക്കൻ കോൽക്കളി തുടങ്ങിയവ അണിനിരന്ന ഘോഷയാത്ര ശ്രദ്ധേയമായി. സിയോൺ ഒാഡിറ്റോറിയത്തിൽ രാവിലെ 11മുതൽ അത്തപ്പൂക്കള മത്സരങ്ങളും വൈകീട്ട് പ്രദർശനവും ഉണ്ടായി. ലായം കൂത്തമ്പലത്തിൽ കാരിക്കേച്ചർ വിദഗ്ധൻ സഞ്ജീവ് ബാലകൃഷ്ണ​െൻറ 'ബഹുമുഖം ബഹുരസം' പരിപാടിയും വൈകീട്ട് കലാപരിപാടികളുടെ ഉദ്ഘാടനവും നടന്നു. സെപ്റ്റംബർ മൂന്നിന് അത്തപ്പതാകയുടെ തൃക്കാക്കരയിലേക്കുള്ള പ്രയാണത്തോടെ ആഘോഷ പരിപാടികൾ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.