കൊച്ചി: ജില്ലയിലെ താലൂക്കുതല ജനസമ്പര്‍ക്ക പരിപാടിക്ക് സമാപനമായി. വെള്ളിയാഴ്ച നടന്ന അവസാനത്തെ പരിപാടിയില്‍ 433 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ഓണ്‍ലൈനായി ലഭിച്ച 296 പരാതികളില്‍ 248 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ള 48 പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകളിലേക്ക് അയച്ചു. ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ 218 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. മുനിസിപ്പല്‍ ഭരണസംവിധാനവുമായി ബന്ധപ്പെട്ട് 31-ഉം പഞ്ചായത്തുമായി ബന്ധപ്പെട്ട് 23-ഉം പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. 137 പരാതികളാണ് ജനസമ്പര്‍ക്ക വേദിയായ ടൗണ്‍ഹാളില്‍ തയാറാക്കിയ എട്ട് കൗണ്ടറുകളില്‍ ലഭിച്ചത്. ഇവ അതത് വകുപ്പുദ്യോഗസ്ഥരുടെ പരിഗണനയ്ക്കും ഉടന്‍ തീരുമാനത്തിനുമായി കൈമാറി. ഭൂമി സര്‍വേ, പോക്കുവരവ് സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കി റിപ്പോര്‍ട്ട് നൽകാന്‍ ജില്ലാ കലക്ടര്‍ വകുപ്പുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജനസമ്പര്‍ക്കവേദിയിലൊരുക്കിയ അക്ഷയയുടെ കൗണ്ടറില്‍ എട്ട് പേര്‍ ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷനായെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സാമ്പത്തികസഹായത്തിനായി അക്ഷയ കൗണ്ടര്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ഇത്തരം 10 അപേക്ഷകള്‍ ലഭിച്ചു. ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടികലക്ടര്‍ (എല്‍.ആര്‍) സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. ആർ.ഡി.ഒ ടി.കെ. വിനീത്, തഹസില്‍ദാര്‍ വൃന്ദാദേവി, തഹസില്‍ദാര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.