മൂവാറ്റുപുഴ: രാജ്യത്തെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന വാഴക്കുളം ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും ട്രാഫിക് സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. മൂവാറ്റുപുഴ-തൊടുപുഴ--അങ്കമാലി ഹൈവേ കടന്നുപോകുന്നത് വാഴക്കുളം ടൗണിലൂടെയാണ്. കാലങ്ങളായി തുടരുന്ന കുരുക്ക് ഒഴിവാക്കാൻ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്ന് വിവിധ കോണിൽനിന്ന് ആവശ്യമുയർന്നെങ്കിലും പഞ്ചായത്ത് അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഒന്നര പതിറ്റാണ്ടുമുമ്പ് കെ.എസ്.ടി.പിയുടെ റോഡ് വികസനം നടക്കുമ്പോൾ ആവശ്യത്തിന് സ്ഥലംവിട്ടുനൽകാതിരുന്നതിനാൽ വാഴക്കുളം ടൗൺ പരിസരങ്ങളിൽ ഹൈവേക്ക് വേണ്ടത്ര വീതിയില്ല. ഇതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പൈനാപ്പിൾ മാർക്കറ്റിലേക്ക് ചരക്കുമായെത്തുന്ന ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും റോഡിനിരുവശവും പാർക്ക്ചെയ്യുന്നതും ദുരിതം വർധിപ്പിക്കുന്നു. സമീപപ്രദേശങ്ങളായ അരീക്കുഴ, മണക്കാട്, കല്ലൂര്‍ക്കാട്, ആയവന തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളും ഹൈവേയിലെത്തിയശേഷമാണ് മറ്റു സ്ഥലങ്ങളിലേക്ക് തിരിയുന്നത്. വാഹന പാർക്കിങ്ങിന് ടൗണിൽ സൗകര്യവുമില്ല. മാർക്കറ്റ്, സെൻറ് ജോർജ് ആശുപത്രി, വേയ് ബ്രിഡ്ജ് എന്നിവ സ്ഥിതിചെയ്യുന്ന ജങ്ഷനാണ് ഗതാഗതക്കുരുക്കിെൻറ കേന്ദ്രം. രോഗികളുമായെത്തുന്ന വാഹനങ്ങൾപോലും കുരുക്കിൽ കിടക്കുന്നത് പതിവുകാഴ്ചയാണ്. വൺവേ സംവിധാനവും ചരക്ക് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള പാതയുമൊക്കെ ഉൾപ്പെടുത്തി ഗതാഗത പരിഷ്കാരം നടത്തിയാൽ തീരാവുന്നതാണ് വാഴക്കുളം ടൗണിലെ പ്രശ്നങ്ങളെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയും പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.