ആലുവ: കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത ടാക്സി ഡ്രൈവർ മണിയുടെ മരണം ഓൺലൈൻ ടാക്സികളുടെ കടന്നുകയറ്റത്തിെൻറ ഭാഗമെന്ന് ആക്ഷേപം. ആലുവ റെയിൽവേ സ്‌റ്റേഷനിലെ ടാക്സി ഡ്രൈവറായിരുന്നു മണി. വിളിപ്പുറത്ത് ചുരുങ്ങിയ നിരക്കിൽ ടാക്സികൾ ലഭ്യമായപ്പോൾ യാത്രക്കാരെല്ലാം ഓൺലൈനുകൾക്ക് പിന്നാലെയായി. ഇതോടെ തങ്ങൾ ദുരന്തത്തിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. എന്നാൽ, ഇതൊന്നും അധികൃതർ കാണാൻ തയാറായില്ലത്രെ. ഇവർക്ക് ബദൽ സംവിധാനം ഒരുക്കിയില്ലെന്നുമാത്രമല്ല, യൂനിയനുകൾ അധികൃതരെ പലവട്ടം ദുരിത ജീവിതം അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല. മൂന്നു പതിറ്റാണ്ടായി റെയിൽവേ സ്‌റ്റേഷനിൽ ടാക്സി ഓടിച്ചാണ് കീഴ്മാട് കണ്ടത്തിൽ മണി കുടുംബം പുലർത്തിയിരുന്നത്. ഭാര്യയും രണ്ട് പെൺകുട്ടികളുമായി കീഴ്മാട് മലയൻകാട് അഞ്ച് സെൻറ് ഭൂമിയിലെ കൊച്ചുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ വർഷം മൂത്തമകൾക്ക് ബിരുദപ്രവേശനത്തിന് പണം കണ്ടെത്തിയത് ഏറെ പ്രയാസപ്പെട്ടാണെന്ന് സഹപ്രവർത്തകർ പറയുന്നു. സുഹൃത്തുക്കളോട് വായ്പ വാങ്ങിയാണ് ആവശ്യങ്ങൾ നിർവഹിച്ചിരുന്നത്. ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ സൊസൈറ്റിയിൽനിന്ന് ചെറിയ തുക വായ്പയെടുത്തിരുന്നു. റെയിൽവേ സ്‌റ്റേഷനിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 24 മണിക്കൂർ വീതമായിരുന്നു ഡ്യൂട്ടി. കൈനീട്ടംപോലും ലഭിക്കാതെ തിരിച്ചുപോയ ദിവസങ്ങളുണ്ട്. ഇതിനിടെ ഓൺലൈൻ ടാക്സി കമ്പനികൾ അഞ്ച് വാഹനങ്ങൾ റെയിൽവേ സ്‌റ്റേഷനിൽ പാർക്ക് ചെയ്യാൻ അനുമതിയും സമ്പാദിച്ചിട്ടുണ്ട്. പരമ്പരാഗത ടാക്സി ഡ്രൈവർമാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തിരിച്ചറിയാതിരുന്നാൽ മണിയുേടതുപോലെ മറ്റുപലരും ജീവിതം അവസാനിപ്പിച്ചേക്കുമെന്ന് മറ്റു ഡ്രൈവർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.