വാഹനം ചളി തെറിപ്പിച്ചു; വിദ്യാർഥിനി റോഡിലെ കുഴിയിൽ ഇറങ്ങിനിന്ന്​ പ്രതിഷേധിച്ചു

വാഹനം ചളി തെറിപ്പിച്ചു; വിദ്യാർഥിനി റോഡിലെ കുഴിയിൽ ഇറങ്ങിനിന്ന് പ്രതിഷേധിച്ചു പറവൂർ: റോഡിലെ ഗട്ടറിൽ ചാടിയ വാഹനം കുട്ടിയുടെ ദേഹത്ത് ചളിവെള്ളം തെറിപ്പിച്ച് നിർത്താതെ പോയതിൽ പ്രതിഷേധിച്ച് ആറാം ക്ലാസ് വിദ്യാർഥിനി തിരക്കേറിയ റോഡിലെ കുഴിയിൽ ഇറങ്ങിനിന്നു. പരീക്ഷക്ക് ഒരുങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയ കരിമ്പാടം ഡി.ഡി. സഭ സ്‌കൂൾ വിദ്യാർഥിനി ഹിൽന റോഡരികെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് പിന്നിൽനിന്ന് വന്ന വാഹനം വെള്ളവും ചളിയും ഹിൽനയുടെ യൂനിഫോമിലും പുസ്തകത്തിലും തെറിപ്പിച്ചത്. വാഹനം നിർത്താതെപോയി. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അണ്ടിപ്പിള്ളിക്കാവ് കിഴക്ക് സ​െൻറ് ജോസഫ് കപ്പേളക്ക് സമീപമാണ് ഹെൽനയുടെ പ്രതിഷേധം അരങ്ങേറിയത്. ചളിയായ വസ്ത്രം വീട്ടിൽ പോയി മാറ്റി ഹെൽന കരിമ്പാടം ഡി ഡി സഭ ഹൈസ്കൂളിലെത്തിയപ്പോൾ സമയം ഏറെ വൈകിയിരുന്നു. റോഡിലെ കുഴിക്കെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചാണ് ഹെൽന വീട്ടിലെത്തിയതെങ്കിലും വീട്ടിലാരോടും പങ്കുെവച്ചില്ല. പിറ്റേന്ന് രാവിലെ പതിവുപോലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കുഴിയിൽ ചാടി വാഹനങ്ങൾ പോകുന്നത് അൽപനേരം ശ്രദ്ധിച്ചശേഷം ഹെൽന റോഡിലെ ചളിക്കുഴിയിൽ ഇറങ്ങി ഇരുകൈയും വശങ്ങളിലേക്ക് നിവർത്തി നിൽപ്പുറപ്പിച്ചു. നാട്ടുകാരും യാത്രക്കാരും ആദ്യം ഒന്ന് അമ്പരന്നു. ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. അണ്ടിപ്പിള്ളിക്കാവ് വേലിക്കകത്ത് വീട്ടിൽ പോളി​െൻറ മകളാണ് ഹിൽന. അണ്ടിപ്പിള്ളിക്കാവ് ജങ്ഷൻ മുതൽ ചേന്ദമംഗലം വഴി പറവൂർക്ക് പോകുന്ന ഈ റോഡ് മാസങ്ങളായി തകർന്നുകിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.