പറവൂർ: പെരുവാരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന തത്ത്വമസി ചിട്ടിക്കമ്പനി ഉടമ മുങ്ങി. മേഖലയിൽ 1200ൽപരം നിക്ഷേപകർക്ക് പണം നൽകാതെയാണ് മുങ്ങിയത്. ഏകദേശം ഒരുകോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. ചെറായി തൈക്കൂട്ടത്തിൽ വീട്ടിൽ കിഷോർ എന്നയാളാണ് ഉടമ. അടുത്തദിവസം ഓണത്തോടനുബന്ധിച്ച് നിക്ഷേപം നടത്തിയ അഞ്ഞൂറോളം ചിറ്റാളന്മാർക്ക് പണം തിരികെ കൊടുക്കാനിരിക്കെയാണ് കബളിപ്പിക്കൽ. സ്ഥാപനത്തിലെ ജീവനക്കാർ ചൊവ്വാഴ്ച രാവിലെ ഓഫിസിലെത്തിയപ്പോഴാണ് സ്ഥാപനം അടച്ചിട്ട നിലയിൽ കണ്ടത്. മാനേജറുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പുവിവരങ്ങൾ പുറത്തായത്. ജാൻസി റൂബി എന്ന സ്ത്രീയാണ് സ്ഥാപനത്തിെൻറ മാനേജർ. പൂർണമായി ഉടമയുടെ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എന്നാൽ, ചിട്ടി സംബന്ധിച്ച നടപടി മാനേജർതന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ഈ ശാഖയുടെ കീഴിൽ 12 ജീവനക്കാരായിരുന്നു ചിട്ടി പിരിവിന് രംഗത്തുണ്ടായിരുന്നത്. വിവിധ ജില്ലയിൽ 22 ശാഖ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നിക്ഷേപകർ കഴിഞ്ഞദിവസം മുതൽ ജീവനക്കാരെ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ഭൂരിപക്ഷം പേർക്കും വ്യാഴാഴ്ച പണം നൽകാമെന്ന് അറിയിച്ചിരുന്നു. ജീവനക്കാരോടുള്ള അടുപ്പത്തിെൻറ പേരിലാണ് ഭൂരിപക്ഷം ചിറ്റാളന്മാരും പണം നിക്ഷേപിച്ചത്. 60,000 മുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള ചിട്ടികളാണ് നടത്തിയിരുന്നത്. ഓരോ ജീവനക്കാർക്കും 60 മുതൽ 100 വരെ നിക്ഷേപകരുണ്ട്. പറവൂർ ടൗൺ, മന്നം, ചെറിയപ്പിള്ളി, കോട്ടുവള്ളി, വടക്കേകര, ചിറ്റാറ്റുകര, ചേന്ദമംഗലം, കരുമാല്ലൂർ, തട്ടാംപടി, നീറിക്കോട് സ്ഥലങ്ങളിൽനിന്നുള്ള നിക്ഷേപകരാണ് വഞ്ചിക്കപ്പെട്ടത്. നേരത്തേ ചിട്ടി ലഭിച്ച നിരവധി പേർ പണം സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ എണ്ണം എത്രയെന്ന് കൂടുതൽ അന്വേഷണവും പരിശോധനവും നടത്തിയെങ്കിൽ മാത്രമേ ലഭ്യമാകൂ. ജീവനക്കാരുൾപ്പെടെ അറുപതിൽപരം ആളുകളാണ് ചൊവ്വാഴ്ച പറവൂർ പൊലീസിൽ പരാതി നൽകിയത്. ഉടമയെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം, നിക്ഷേപകരായ ഒരുവിഭാഗം ആളുകൾ ഉടമയെ ചെറായിയിലെ വസതിയിൽ അന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താനായില്ല. വീട് അടച്ചിട്ട നിലയിലാണ്. രോഷാകുലരായവർ വീട്ടിൽ നിർത്തിയിട്ട കാറിെൻറ ചില്ല് തകർത്തു. ചിട്ടി സ്ഥാപനത്തിൽ ലഭിച്ച തുക വസ്തു ഇടപാടിൽ മുടക്കിയതാണ് ഉടമയെ കെണിയിലാക്കിയതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ചെറായി, എടവനക്കാട് സ്ഥലങ്ങളിെല റിസോർട്ടുകള്‍ വിൽപനക്ക് ശ്രമം നടത്തിയെങ്കിലും പുതിയ സാഹചര്യത്തിൽ നടന്നിട്ടില്ല. ചിട്ടി സ്ഥാപനത്തിലെ ജീവനക്കാർ ചിറ്റാളന്മാരെ പേടിച്ച് പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിക്കുകയാണ്. ഇവരെ വിശ്വസിച്ച് അയൽവാസികളും സുഹൃത്തുക്കളും ബന്ധുക്കളും ഉൾെപ്പടെയുള്ളവരാണ് പണം നിക്ഷേപിച്ചത്. അതിനാൽ വീടുകളിലേക്ക് മടങ്ങാൻപോലും ഇവർ ഭയപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.