ആലപ്പുഴ: ആന്ധ്രയിൽനിന്ന് 5000 ടൺ അരികൂടി ഉടൻ എത്തിക്കാൻ നടപടി പൂർത്തീകരിച്ചതായി മന്ത്രി പി. തിലോത്തമൻ. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞവിലക്ക് ലഭ്യമാക്കാൻ 3500 ഓണച്ചന്തകൾ ആരംഭിക്കും. ഹോർട്ടികോർപ് വഴി വിലക്കുറവിൽ പച്ചക്കറിയും നൽകും. ശവക്കോട്ടപ്പാലത്തിന് സമീപം ആർ. സുഗതൻ സ്മാരക ഹാളിൽ സപ്ലൈകോ ഓണം-ബക്രീദ് ജില്ല ഫെയർ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 13 ഇനങ്ങൾക്ക് സർക്കാർ അഞ്ചുവർഷത്തേക്ക് വിലകൂട്ടില്ല. പയറുവർഗങ്ങൾക്ക് വില കുറച്ചു. പല സാധനങ്ങളുടെയും വില പുനർനിശ്ചയിച്ച് വില വീണ്ടും കുറച്ചുവിൽക്കാൻ നടപടിയായി. റേഷൻ കടവഴി എല്ലാ കുടുംബങ്ങൾക്കും ഒരുകിലോ പഞ്ചസാര വിതരണം ചെയ്യും. കൺസ്യൂമർ ഫെഡും നൂറുകണക്കിന് ചന്തകൾ ആരംഭിക്കുമെന്നും തിലോത്തമൻ പറഞ്ഞു. സപ്ലൈകോ അടക്കം സർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ നിശ്ചയിച്ച വിലയല്ലാതെ അന്യായ വിലയില്ലെന്ന് ഫെയർ ഉദ്ഘാടനംചെയ്ത മന്ത്രി ജി. സുധാകരൻ പറഞ്ഞു. സാധനങ്ങളുടെ ലഭ്യതക്കുറവ് അടക്കമുള്ള വിവിധ പ്രശ്നങ്ങളുണ്ട്. എന്നിട്ടും വില പിടിച്ചുനിർത്തി ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ സർക്കാർ സാധനങ്ങൾ നൽകുന്നു. ആലപ്പുഴയടക്കം അടച്ചുപൂട്ടപ്പെട്ട തുറമുഖങ്ങളിലെ തൊഴിലാളികൾക്ക് ഓണത്തിന് 5000 രൂപയും സൗജന്യമായി അരിയും നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു. കൗൺസിലർ എം.കെ. നിസാർ, സപ്ലൈകോ ജനറൽ മാനേജർ കെ. വേണുഗോപാൽ, ജില്ല സപ്ലൈ ഓഫിസർ എൻ. ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. സെപ്റ്റംബർ മൂന്നുവരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണ് ഫെയർ. ഒരു ബില്ലിൽ രണ്ട് ശബരി ഉൽപന്നങ്ങൾ ഉൾപ്പെടെ 2000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുന്ന സമ്മാന കൂപ്പൺ നറുക്കെടുത്ത് അഞ്ചു പവൻ ബംബർ സമ്മാനമായി നൽകുന്ന സ്വർണസമ്മാന പദ്ധതിയും ആരംഭിച്ചു. എല്ലാ ജില്ലയിലും ഒരാൾക്ക് ഒരു പവൻ വീതമുള്ള സമ്മാനവും ലഭിക്കും. ഫെയറിലെ വില വിവരം ജയ അരി -25 രൂപ മട്ട -24 പച്ചരി -23 ഉഴുന്ന് -66 കടല -43 വൻപയർ -45 ചെറുപയർ -66 മുളക് -56 മല്ലി -74 വെളിച്ചെണ്ണ -90 പഞ്ചസാര -22 തുവരപ്പരിപ്പ്-65 ഗ്രീൻപീസ് -36 പീസ്പരിപ്പ് -35
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.