എറണാകു​ളം, ആലുവ സ്​റ്റേഷനുകളിൽ ഒരുലിറ്റർ കുടിവെള്ളം അഞ്ചുരൂപക്ക്​

കൊച്ചി: കുറഞ്ഞ തുകയില്‍ യാത്രക്കാര്‍ക്ക് ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ച വാട്ടര്‍ വെന്‍ഡിങ് യന്ത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡിവിഷനുകീഴില്‍ എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ സ്റ്റേഷനുകളില്‍ സ്ഥാപിച്ച ആധുനിക ശുദ്ധജല വിതരണ മെഷീനുകളാണ് ഡല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തിലെ ഓഫിസിലിരുന്ന് വിഡിയോ കോൺഫറന്‍സിങ്ങിലൂടെ കേന്ദ്രമന്ത്രി നാടിന് സമര്‍പ്പിച്ചത്. മൂന്ന് സ്റ്റേഷനിലായി നാല് മെഷീനുണ്ട്. എറണാകുളം ജങ്ഷനില്‍ എല്ലാ പ്ലാറ്റ്‌ഫോമിലുമായി 11 വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍കൂടി സ്ഥാപിക്കുമെന്ന് തിരുവനന്തപുരം ഡിവിഷന്‍ എ.ഡി.ആർ.എം കെ.എസ്. ജയിന്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡി​െൻറ സഹകരണത്തോടെ കുറഞ്ഞ വിലയ്ക്ക് വെള്ളം ലഭ്യമാകുന്ന പദ്ധതിയാണിത്. 24 മണിക്കൂറും യാത്രക്കാര്‍ക്ക് കുടിവെള്ളം ലഭിക്കും. റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് മെഷീനില്‍ വെള്ളമെത്തിച്ച് ആര്‍.ഒ ടെക്നോളജിയിലൂടെ ശുദ്ധീകരിച്ച് കുപ്പിയിലാക്കി നല്‍കുന്നതാണ് രീതി. ഒരുലിറ്റര്‍ വെള്ളത്തിന് അഞ്ചുരൂപയേ ഉള്ളൂ. കുപ്പി സഹിതമാണെങ്കില്‍ എട്ട് രൂപയാകും. രണ്ട് ലിറ്ററിന് 10 രൂപയും കുപ്പി സഹിതം 12 രൂപയുമാണ് ഈടാക്കുക. കുപ്പിയുമായി എത്തിയാല്‍ 300 മില്ലിലിറ്റര്‍ കുടിവെള്ളം ഒരു രൂപക്കും അര ലിറ്റര്‍ മൂന്നുരൂപക്കും ലഭിക്കും. തിരുവനന്തപുരം ഡിവിഷനുകീഴിലെ വിവിധ സ്റ്റേഷനുകളിൽ 91 വാട്ടര്‍ വെന്‍ഡിങ് മെഷീൻകൂടി സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. തീരെ ചെറിയ സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമാകില്ല. എറണാകുളം ജങ്ഷനിലെ ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളില്‍ സ്ഥാപിച്ച ലിഫ്റ്റി​െൻറയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഏരിയ മാനേജര്‍ ആര്‍. ഹരികൃഷ്ണന്‍, റെയില്‍വേ ചീഫ് എന്‍ജിനീയര്‍ ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മോഹനന്‍പിള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.