കരുവേലിപ്പടി കല്ലു ഗോഡൗണിലെ മിന്നൽ പരിശോധന: മോശം അരിയുണ്ടെന്നത് അടിസ്ഥാനരഹിതമെന്ന്

മട്ടാഞ്ചേരി: കരുവേലിപ്പടി കല്ലു ഗോഡൗണിൽ മോശം അരിയെന്നും സ്റ്റോക്കുകളിൽ കൃത്രിമം കാണിച്ചെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതവും ഗോഡൗണിലെ തൊഴിൽ സാധ്യതകൾ തകർക്കാനുള്ള ശ്രമവുമാണെന്ന് തൊഴിലാളികൾ. വർഷങ്ങൾക്കുമുമ്പ് ഗോഡൗണിൽനിന്ന് കയറ്റിറക്കിനിടെ വീണ അരി തിന്ന് രണ്ട് ആടുകൾ ചത്തെന്ന പ്രചാരണവും നടന്നിരുന്നു. ഇക്കുറിയും ഗോഡൗൺ അടച്ചുപൂട്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം. മാവേലി സ്റ്റോറുകളിൽ ഉപയോഗശൂന്യമായി നശിപ്പിക്കാൻ കൊണ്ടുവന്ന ഏതാനും ചാക്ക് അരിയാണ് സ്റ്റോക്ക് മോശമായി ചിത്രീകരിച്ച് ഡി.എസ്.ഒയുടെ നേതൃത്വത്തിൽ റിപ്പോർട്ട് നൽകിയിരിക്കുന്നതത്രെ. സി.എം.ആർ അരിയുടെ മുകളിൽ അട്ടിവെച്ചിരിരുന്ന ഏതാനും ചാക്കിന്മേൽ പ്രാവുകൾ വിസർജിച്ചത് പർവതീകരിച്ചതാണെന്നും ഇവർ പറയുന്നു. പരിശോധന നടത്തുന്നതിന് തലേ ദിവസം രാത്രി എേട്ടാടെ ഇറക്കിയ വരവുശീട്ടുപോലും പരിശോധിക്കാതെയാണ് കണക്കുകളിൽ കൃത്രിമം ആരോപിക്കുന്നത്. സ്റ്റോക്കിൽ വ്യത്യാസമുണ്ടെങ്കിൽ ഗോഡൗൺ സീൽ ചെയ്ത് മാനേജറുടെ സാന്നിധ്യത്തിൽ തിട്ടപ്പെടുത്തണമെന്ന ആവശ്യം ഡി.എസ്.ഒ നിരാകരിച്ചത് ഇതിന് തെളിവാണെന്നും ജീവനക്കാർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉന്നത അധികാരികൾക്ക് മാനേജർ പരാതിയും നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.