മൂവാറ്റുപുഴ: പട്ടാപ്പകൽ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ അപായപ്പെടുത്തി മാല കവരാൻ ശ്രമം. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ വീട്ടൂർ എൽ.പി. സ്കൂളിനു അടുത്തുള്ള വിജനമായ റബർ തോട്ടത്തിനു സമീപമാണ് സംഭവം. പ്രതി വാഴപ്പിള്ളി സ്വദേശി നാവള്ളി വീട്ടിൽ പ്രവീണിനെ (37) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നെല്ലാടുള്ള മിൽമയിൽ പാൽ കൊടുക്കാൻ പോയി തിരികെ വരികയായിരുന്ന വീട്ടൂർ കല്ലറയ്ക്കൽ സോമശേഖരെൻറ ഭാര്യ മല്ലികയെ (63)പിന്നാലെ എത്തിയ പ്രതി വിജനമായ സ്ഥലത്തെത്തിയപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് മാല പറിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞതോടെ മല്ലികയെ ആക്രമിക്കുകയും സമീപത്തുള്ള കാനയിലേക്ക് തള്ളിയിടുകയുമായിരുന്നു. വായിൽ തുണി തിരുകി അപായപ്പെടുത്താനും ശ്രമിച്ചു. മല്ലിക ബഹളം വെച്ചത് അയൽവാസിയായ തൂപ്പേലിൽ സുരേഷിെൻറ ഭാര്യ കേട്ടു. സുരേഷ് ഓടിയെത്തുമ്പോൾ, കാനയിലേക്ക് വീണ് കിടന്ന മല്ലികയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് പ്രതി അപായപ്പെടുത്താൻ ശ്രമിക്കുന്നതാണ് കണ്ടത്. സുരേഷിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരും പ്രതിക്കായി തിരച്ചിൽ നടത്തി. സമീപത്തെ സിമൻറ് ഇഷ്ടിക കമ്പനിയിൽ കയറി ഇഷ്ടികകൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പട്ടിമറ്റം പൊലീസിന് കൈമാറുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മല്ലികയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.