കൊച്ചി: വ്യാജ രേഖകൾ ഉപയോഗിച്ച് സിംകാർഡ് എടുത്ത ശേഷം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വൻതുക തട്ടുന്ന സംഘത്തിലെ പ്രധാനിയായ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ദുമരിയ ഗഞ്ച് സിദ്ധാർഥ് നഗർ സ്വദേശിയായ രവികുമാറിനെയാണ് എറണാകുളം നോർത്ത് സി.െഎ കെ.ജെ. പീറ്റർ, പാലാരിവട്ടം എസ്.െഎ വിപിൻകുമാർ എന്നിവരുൾപ്പെടുന്ന സംഘം അറസ്റ്റ് ചെയ്തത്. വ്യവസായികളും വൻതുക ബാങ്ക് അക്കൗണ്ട് ഉള്ളവരുമായ ആളുകളുടെ സിം കാർഡ് നഷ്ടപ്പെട്ടുപോയതായി പറഞ്ഞ് വ്യാജ തിരിച്ചറിയൽ കാർഡുകൾ കടകളിൽ നൽകി ഡ്യൂപ്ലിക്കേറ്റ് സിം കൈവശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച സിം കാർഡുകളാണ് ഇവർ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ കൈക്കലാക്കിയ ശേഷം അക്കൗണ്ട് ഉടമയുടെ ഗുണഭോക്താവ് എന്ന വ്യാജേന ബാങ്കുകളിൽനിന്ന് ഓൺലൈൻ ട്രാൻസാക്ഷൻ വഴി സ്വന്തം അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ കൈക്കലാക്കുകയാണ് പ്രതിയുടെ രീതി. പ്രതികൾ വിമാനങ്ങളിൽ സഞ്ചരിച്ചും മുന്തിയ നക്ഷത്ര ഹോട്ടലുകളിൽ താമസിച്ചുമാണ് ഇത്തരത്തിലുള്ള കുറ്റകൃത്യത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ വൻകിട വ്യവസായിയുെട പേരിലുള്ളതും അഞ്ചോളം ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തതും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഫോൺ നമ്പറിെൻറ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെയാണ് സൈബർ സെല്ലിെൻറ സഹായത്തോടെ പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രതികൾ ഇപ്രകാരമുള്ള തട്ടിപ്പുകൾ നടത്തി നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം കൈവശപ്പെടുത്തിയതായി പൊലീസ് സംശയിക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ അന്വേഷിച്ച് ബംഗളൂരുവിലും മറ്റും പോകേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.