ഗതാഗതക്കുരുക്കഴിയാതെ മാർക്കറ്റ്; വൺവേ റോഡ് വീതി കൂട്ടണമെന്ന്

ആലുവ: മാര്‍ക്കറ്റ് പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വൺവേ റോഡ് വീതികൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് വികസനം വൈകുന്ന സാഹചര്യത്തിൽ പാർക്കിങ് നിരോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. രൂക്ഷ ഗതാഗതക്കുരുക്കുമൂലം നഗരം നിശ്ചലമാകുന്നത് പതിവാണ്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ ജനപ്രതിനിധികളോ ഉദ്യോഗസ്‌ഥരോ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. കാരോത്തുകുഴി കവലക്കും ഫയര്‍ സ്‌റ്റേഷനും ഇടയിലെ മാര്‍ക്കറ്റ് പ്രദേശത്തുണ്ടാകുന്ന ഗതാഗതപ്രശ്‌നങ്ങളാണ് പലപ്പോഴും നഗരത്തിലും ദേശീയപാതയിലും രൂക്ഷ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ഓള്‍ഡ് മാര്‍ക്കറ്റിലേക്ക് തിരിയുന്ന ഭാഗം മുതല്‍ കാരോത്തുകുഴി വരെ റോഡിലാണ് ഗതാഗതക്കുരുക്ക് കൂടുതലായും ഉണ്ടാകുന്നത്. ഇവിടെ വീതികുറഞ്ഞ റോഡാണുള്ളത്. മാര്‍ക്കറ്റിലെ വിവിധ മൊത്തവ്യാപാര സ്‌ഥാപനങ്ങളിലേക്ക് വരുന്ന വലിയ ലോറികള്‍ റോഡിൽ നിർത്തിയാണ് ചരക്കിറക്കുന്നത്. ചില്ലറ വ്യാപാരികൾക്ക് ചരക്കെടുക്കാനെത്തുന്ന മിനി ലോറികളും പാർക്ക് ചെയ്യുന്നത് റോഡിലാണ്. വലിയ ലോറികൾ റോഡിൽതന്നെ വളക്കുകയും ചെയ്യുന്നതോടെ ഉടലെടുക്കുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും മണിക്കൂറോളം നീളാറുമുണ്ട്. സ്വകാര്യ സ്‌റ്റാന്‍ഡിലേക്ക് വരുന്ന ബസുകളും ദേശീയപാത വഴി വടക്കോട്ട് പോകേണ്ട കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. റോഡ് വികസനം അനിവാര്യമായ സാഹചര്യത്തിൽ പല തീരുമാനവും എടുത്തിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. തടസ്സമില്ലാതെ ഗതാഗതം ഒരുക്കേണ്ട പൊലീസും പലപ്പോഴും നടപടിയെടുക്കാതെ മാറിനിൽക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ എസ്.പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന്, വിഷയം മനുഷ്യാവകാശ കമീഷനിലും ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.