കൂടിയാട്ടത്തിന് ധനസമാഹരണ യജ്ഞം ലോകത്തെ ഏറ്റവും പ്രാചീന രംഗകലകളിലൊന്നും കേരളത്തിെൻറ സാംസ്‌കാരിക ഈടുവെപ്പുകളിലെ അമൂല്യസമ്പത്തുമായ കൂടിയാട്ടത്തെ സംരക്ഷിക്കാനും ആധുനികലോകത്ത് പ്രചാരം നേടിയെടുക്കാനുമായി പൊതു ധനസമാഹരണ യജ്ഞവുമായി ഓണ്‍ലൈന്‍ കലാ-സാംസ്‌കാരിക വിജ്ഞാന കോശമായ സഹപീഡിയ. തൃശൂര്‍ നേപഥ്യ കൂടിയാട്ടം സെൻററുമായി ചേര്‍ന്നാണ് 20 ലക്ഷം രൂപയുടെ ധനസമാഹരണം. പൊതുജനങ്ങളില്‍നിന്നുള്ള ധനസമാഹരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ബിറ്റ്ഗിവിങ്ങിലൂടെയാണ് (https://www.bitgiving.com/nepathya) ശ്രമം. ലോകത്ത് നിലനില്‍ക്കുന്ന ഏക സംസ്‌കൃതനാടകരൂപമായ കൂടിയാട്ടത്തിൽ അഭിരുചിയുള്ളവരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കൂടിയാട്ടം, സംസ്‌കൃത നാടകകൃത്തുക്കളുടെ രചനകളെ ആധാരമാക്കി കേരളത്തിെൻറ തനതുപൈതൃകത്തിലൂന്നിയ അതിപ്രാചീന അവതരണകലയാണ്. കൂടിയാട്ടം കലാകാരന്മാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി തൃശൂര്‍ ജില്ലയിലെ മൂഴിക്കുളം കേന്ദ്രമാക്കി 15 വര്‍ഷം മുമ്പ് സ്ഥാപിതമായതാണ് നേപഥ്യ. പൊതുജനങ്ങള്‍ക്ക് ഈ കലാരൂപത്തെപ്പറ്റി വേണ്ടത്ര അവബോധമില്ലാത്തതാണ് സാമ്പത്തിക പരാധീനതകള്‍ക്കും പഠിക്കാന്‍ ചെറുപ്പക്കാരെ കിട്ടാത്തതിനും കാരണമെന്ന് നേപഥ്യ സ്ഥാപകനും കൂടിയാട്ടം കലാകാരനുമായ മാര്‍ഗി മധു പറയുന്നു. 12 വര്‍ഷമായി ധനസമാഹരണത്തിനുള്ള ശ്രമത്തിലാണ് നേപഥ്യ. സാമ്പത്തിക സഹായം കിട്ടാത്തതിനാല്‍ വര്‍ഷങ്ങളുടെ ശ്രമം കൊണ്ട് പരിശീലിപ്പിച്ചെടുത്ത കലാകാരന്മാര്‍ പോലും അരങ്ങുവിടുമെന്ന സ്ഥിതിയാണ്. 10 വര്‍ഷത്തോളം നീളുന്ന പ്രയത്‌നം കൊണ്ടുമാത്രമേ കൂടിയാട്ടം അഭ്യസനം സാധ്യമാകൂ. അങ്ങനെ പരിശീലനം നേടിയവര്‍ അരങ്ങുവിടുമ്പോള്‍ വീണ്ടും പൂജ്യത്തില്‍നിന്ന്തുടങ്ങേണ്ടി വരും. മൂന്ന് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ (രാഹുല്‍ ഗോപിനാഥ്, കെ.ആര്‍. യദുകൃഷ്ണന്‍, കെ.ആര്‍. വിഷ്ണുപ്രസാദ്) മാത്രമാണ് നേപഥ്യയില്‍ ഇപ്പോഴുള്ളത്. നാലു ചെണ്ടക്കാര്‍ സാമ്പത്തികപ്രശ്‌നം കാരണം ഉപേക്ഷിച്ചുപോയി. ഈ കലയോട് യഥാര്‍ഥ താല്‍പര്യമുള്ള സംരക്ഷകരെ ലഭിച്ചില്ലെങ്കില്‍ ഇപ്പോഴുള്ള കൊച്ചുകലാകാരന്മാരെയും നിലനിര്‍ത്താന്‍ കഴിയില്ല. നടനരീതികളും നാട്യമുഹൂര്‍ത്തങ്ങളും നാടകഗ്രന്ഥവുമുള്‍പ്പെടെ പഠിച്ച് മൂന്നുവര്‍ഷത്തെ തീവ്രപ്രയത്‌നംകൊണ്ടു മാത്രം അവതരിപ്പിക്കാന്‍ കഴിയുന്നതാണിത്. പൂര്‍ണ അവതരണത്തിന് ഒരു മാസം വേണം. ഇത് മുഴുവൻ അവതരിപ്പിക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ കലാകാരന്മാര്‍ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ഇതിനു കൊട്ടാനറിയാവുന്നവര്‍ ഒന്നോ രണ്ടോ പേര്‍ മാത്രവും. ജൂലൈ അവസാനവാരം തുടക്കമിട്ട രണ്ടു മാസം നീളുന്ന ധനസമാഹരണ യജ്ഞത്തിനു പിന്നിൽ പ്രധാന ആശയകേന്ദ്രമായ സഹപീഡിയ പ്രോജക്ട്‌സ് ഡയറക്ടര്‍ നേഹ പാലിവാല്‍, 10 അഭ്യുദയകാംക്ഷികളില്‍നിന്നായി 1,02,000 രൂപ ശേഖരിച്ചതായി അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍, സമൂഹമാധ്യമങ്ങള്‍, മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയിലൂടെ കൂടിയാട്ടം കൂടുതല്‍ ആസ്വാദകരിലേക്കെത്തിക്കുമെന്നും നേഹ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.