തങ്കപ്പന് ആദരമായി കർഷക അവാർഡ്​

ചെങ്ങന്നൂർ: കാർഷികവൃത്തിയിൽ നാലര പതിറ്റാണ്ട് പിന്നിട്ട കർഷകന് അംഗീകാരമായി അവാർഡ്. മികച്ച നെൽകർഷകനുള്ള ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ അവാർഡാണ് ചെന്നിത്തല പുത്തൻകോട്ടക്കകത്ത് കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പന് (62) ലഭിച്ചത്. പിതാവ് പരേതനായ നാണുവി​െൻറ സഹയാത്രികനായിട്ടാണ് നെൽകൃഷി രംഗത്ത് തങ്കപ്പൻ പ്രവേശിച്ചത്. ഒരുപൂ കൃഷിയെ മാത്രം ആശ്രയിച്ചുവരുന്ന അപ്പർകുട്ടനാടൻ കാർഷികമേഖലയായ ചെന്നിത്തല പുഞ്ചപ്പാട ശേഖരത്തിലെ ഏഴ് ഏക്കർ നിലമാണ് കൃഷി ചെയ്തുവരുന്നത്. ഒന്നാം ബ്ലോക്കിൽ രണ്ടേക്കർ നിലം കൂടി പാട്ടത്തിനെടുത്ത് 17 വർഷമായി കൃഷി ചെയ്യുന്നുണ്ട്. കർഷകർ നിലം വിവിധ കാരണങ്ങളാൾ തരിശിട്ടിരുന്ന ആറുവർഷം തങ്കപ്പൻ മാത്രം ഒറ്റക്ക് കൃഷി ചെയ്തു.ഇത്തവണ രണ്ടാം കൃഷി നല്ല രീതിയിൽ ഇറക്കിയെങ്കിലും ശക്തമായ കാലവർഷത്തിൽ മടവീഴ്ചയുണ്ടായി വെള്ളം മുങ്ങി കൃഷി നശിച്ചു. ഏതാണ്ട് ആറുമാസം രാവിലെ മുതൽ സന്ധ്യവരെ പാടശേഖരത്തിൽ കൃഷി കാര്യങ്ങളിൽ മുഴുകി കഴിയുന്ന ഈ കർഷകന് പലതവണ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതി​െൻറ പേരിൽ ഒരിക്കലും പിന്മാറ്റം ആഗ്രഹിച്ചിട്ടേയില്ല. പകരം പൂർവാധികം ശക്തിയായി രംഗത്തിറങ്ങുകയാണ് പതിവ്. കൂടാതെ, ഒരു വർഷത്തേക്ക് ആവശ്യമായി വരുന്ന നെല്ല് മാറ്റിവെച്ചതിനുശേഷം മാത്രം ബാക്കിയുള്ളവ സപ്ലൈകോക്ക് നൽകൂ. വിളവെടുത്തുകഴിഞ്ഞാൽ ഉടൻ വേനൽച്ചാൽ രണ്ടുചാൽ പൂട്ടിയടിച്ച് നിലം നിരപ്പാക്കും. പിന്നീട് കൃഷിയിറക്ക് കാലമാകുമ്പോൾ വരമ്പുകൾ കുത്തി ബലപ്പെടുത്തി വാച്ചാൽ തോടുകൾ സ്വന്തം നിലയിൽ തെളിക്കും. ചപ്പുചവറുകൾ നീക്കം ചെയ്ത് നിലം വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റും. ചെന്നിത്തലയിൽ 15 ബ്ലോക്കുകളിലായി 2500 ഏക്കർ നിലങ്ങളാണുള്ളത്. കറവയുള്ള പശുവിനെ വളർത്തുന്നതോടൊപ്പം ദിനപത്രങ്ങളുടെ ഏജൻസിയും നടത്തുന്നു. എല്ലാറ്റിനും പിന്തുണയായി ഭാര്യ ശ്യാമളയും ഒപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.