കാണാതായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന്​ ഹൈകോടതി

കൊച്ചി: കാണാതായ കുട്ടികളെ കണ്ടെത്താൻ സംസ്ഥാനത്ത് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോയെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ച് സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടി. സംസ്ഥാനത്തുനിന്ന് കാണാതായ 15 വയസ്സിൽ താഴെയുള്ള കുട്ടികളെ സംബന്ധിച്ച വിവരങ്ങളടക്കം മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം. 15 വയസ്സുള്ള മകൻ നിസാമുദ്ദീനെ ഏപ്രിൽ എട്ടുമുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ആലപ്പുഴ പാണാവള്ളി സ്വദേശി താജു നൽകിയ ഹരജിയിലാണ് ഉത്തരവ്. 2014 ആഗസ്റ്റ് ഒന്നുമുതൽ 2017 ആഗസ്റ്റ് ഒന്നുവരെ കാണാതായ 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങളാണ് കോടതിയെ അറിയിക്കേണ്ടത്. ഇവരിൽ എത്ര കുട്ടികളെ കണ്ടെത്തിയെന്നും ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം. കുട്ടികളെ കണ്ടെത്താൻ നിലവിലുള്ള സംവിധാനങ്ങളും ഇതോടൊപ്പം വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് താജു ഹരജി നൽകിയിട്ടുള്ളത്. കുട്ടിയെ കാണാതായ സംഭവം എസ്.പി ഹിമേന്ദ്ര അന്വേഷിക്കണമെന്ന് ജൂൈല 24ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, മറ്റൊരു ഉദ്യോഗസ്ഥനെ ഇതിന് ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് 20 ദിവസം കഴിഞ്ഞ് സർക്കാർ അഭിഭാഷകൻ അപേക്ഷ നൽകി. നിരുത്തരവാദപരമായാണ് സർക്കാർ കേസ് കൈകാര്യം ചെയ്യുന്നതെന്ന് വിമർശിച്ച കോടതി അപേക്ഷ നൽകാൻ വൈകിയതിലുള്ള ആശങ്കയും ഇടക്കാല ഉത്തരവിൽ രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.