ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കാൻ നിയമം: നടപടികൾ വേഗത്തിലാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കുന്നതിനുള്ള നിയമ നിർദേശത്തിൻമേൽ തുടർനടപടികൾ വേഗത്തിലാക്കണമെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട നിർദേശം ഹൈകോടതി തന്നെ സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം നിയമ പരിഷ്കരണ സമിതിക്ക് വിട്ടിരിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തുടർ നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് കേസ് റദ്ദാക്കാൻ മുൻമന്ത്രി ഇ.പി. ജയരാജനും ശങ്കർറെഡ്ഡിക്ക് ഡി.ജി.പിയായി പ്രമോഷൻ നൽകിയതിൽ ക്രമക്കേടുണ്ടെന്ന വിജിലൻസ് കേസ് റദ്ദാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹരജികൾ പരിഗണിക്കവേയാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരാൻ 1994ൽ സംസ്ഥാന സർക്കാറും പിന്നീട് കേന്ദ്ര സർക്കാറും നിർദേശിച്ച ബില്ലുകളുടെ അവസ്ഥയെന്തെന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. ഇത്തരമൊരു നിയമം നിലവിലുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളോടും െഹെകോടതി രജിസ്ട്രിയോടും സിംഗിൾബെഞ്ച് വിശദീകരണം തേടി. 1994ലെ ബിൽ നിലവിലില്ലെന്നും കാലാവധി കഴിഞ്ഞതായും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ബിൽ നിലവിലില്ലെന്ന് കേന്ദ്ര സർക്കാറും വ്യക്തമാക്കി. ഹൈകോടതിയിൽനിന്ന് നിയമനിർദേശം സർക്കാറിന് സമർപ്പിച്ചിട്ടുള്ളതായി രജിസ്ട്രി അറിയിക്കുകയും ചെയ്തു. തുടർന്നാണ് നടപടികൾ വേഗത്തിലാക്കാൻ കോടതി നിർദേശിച്ചത്. അനാവശ്യ വ്യവഹാരവുമായി സമീപിക്കുന്നവർക്കെതിരെ നേരിട്ട് നടപടി കഴിയില്ലെങ്കിലും ഹൈകോടതിക്ക് നിയമം കൊണ്ടുവരാനുള്ള അധികാരമുണ്ട്. ഇൗ അധികാരമുപയോഗിച്ചാണ് സർക്കാറിന് നിയമ നിർദേശം നൽകിയിട്ടുള്ളത്. ഹരജികൾ വീണ്ടും 24ന് പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.