സ്വാതന്ത്ര്യ സമര​ത്തി​െൻറ മാന്നാർ മുന്നേറ്റങ്ങൾക്ക്​ തിളക്കമേറെ

ചെങ്ങന്നൂർ താലൂക്കിലെ മാന്നാറിന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് അവിസ്മരണീയമായ പങ്കാണുള്ളത്. ജീവിതം സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുെവച്ച മാന്നാറുകാരായ രണ്ട് സഹോദരങ്ങളെക്കുറിച്ച് ഓർമിക്കാതെ ഇൗ നാടിന് കടന്നുപോകാനാവില്ല. കുരട്ടിശ്ശേരി വില്ലേജിലെ കാഞ്ഞിക്കൽ കുടുംബത്തിൽ 1897ൽ ജനിച്ച ഡോ. കെ. വേലായുധപ്പണിക്കർ (കെ.വി. പണിക്കർ), ജ്യേഷ്ഠസഹോദരൻ കെ. ഗോവിന്ദപ്പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള ഒട്ടേറെ ഐതിഹാസികമായ പോരാട്ടങ്ങൾ സ്വാതന്ത്ര്യ സമരത്തിന് ഊർജം പകർന്നു. പഠനത്തിനുശേഷം ഹോമിയോ ഡോക്ടറായി സേവനം ആരംഭിച്ച ഡോ. കെ. വേലായുധപ്പണിക്കർ ഇതോടൊപ്പം തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. ജ്യേഷ്ഠസഹോദരനും ഒപ്പം ചേർന്നു. മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന സമര ഭടന്മാരായി മാറിയതോടെ മാന്നാർ ഏവരുടെയും സജീവമായ ശ്രദ്ധാകേന്ദ്രമായി മാറി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസി​െൻറ നേതൃത്വത്തിലായിരുന്നു അന്ന് സമരം നടന്നിരുന്നത്. ഡോ. കെ.വി. പണിക്കരുടെ മികച്ച സംഘടനാശേഷിയും ആളുകളെ ആവേശഭരിതരാക്കി മാറ്റുന്ന വാക്ധോരണികളും മനസ്സിലാക്കി പട്ടം താണുപിള്ള, ടി.എം. വർഗീസ്, ടി.കെ. മാധവൻ എന്നിവർ ഇവിടേക്കെത്തി സ്റ്റേറ്റ് കോൺഗ്രസി​െൻറ 11 അംഗ ഉന്നതാധികാര സമിതിയിലേക്ക് നിയമിക്കുകയും ചെയ്തു. വൈക്കം സമരത്തിൽ പങ്കെടുക്കവെ ബ്രിട്ടീഷ് പട്ടാളത്തി​െൻറ വലയം ഭേദിച്ച് പുറത്തിറങ്ങി അവരുമായി ഏറ്റുമുട്ടി. അതി​െൻറ പ്രതികാരമെന്നോണം അന്ന് ഈ ഭടന്മാരെ വൈക്കത്തുനിന്നും തിരുവനന്തപുരംവരെ 169 കിലോമീറ്റർ ഇരുമ്പ് ചങ്ങലയിൽ ബന്ധിച്ച് നടത്തിക്കൊണ്ടുപോയത് ചരിത്രമാണ്. ഒരുവർഷത്തെ ജയിൽവാസത്തിനുശേഷം മോചിതരായ ഇവരെ തിരുവനന്തപുരം മുതൽ മാന്നാർ വരെ ഘോഷയാത്രയോടെയാണ് ആനയിച്ച് കൊണ്ടുവന്നത്. തുടർന്ന് ഊരുമഠം ക്ഷേത്ര മൈതാനത്ത് സംസ്ഥാന തലത്തിലുള്ള പൗരസ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പിന്നാക്ക ജനവിഭാഗങ്ങൾക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യവും സ്കൂളിൽ പഠിക്കുന്നതിനുള്ള അനുവാദവും അന്ന് നിഷിദ്ധമായിരുന്നു. സ്കൂൾ മാനേജരെ ഇരുന്ന കസേരയോടു കൂടി ഉയർത്തി ഭീഷണിപ്പെടുത്തി കുട്ടികളെ ക്ലാസുകളിൽ പഠിക്കാനായി പ്രവേശിപ്പിക്കുകയും ചെയ്തു. തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ പ്രവേശനാനുമതിക്കായി നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകി. ഒരു അവർണ ബാലനെ സ്വന്തം തോളിലേറ്റി ക്ഷേത്രപ്രവേശനം നടത്തിച്ചായിരുന്നു പോരാടിയത്. മാന്നാറിൽ ജവഹർലാൽ നെഹ്റുവിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചതി​െൻറ മുഖ്യ സംഘാടകനും ഡോ. കെ.വി. പണിക്കരായിരുന്നു. പട്ടികജാതി വിഭാഗങ്ങൾക്കായി പൊതുകിണറുകളും വിദ്യാലയങ്ങളും സ്ഥാപിക്കുകയും അവരുടെ വീടുകളിലെത്തി സൗജന്യമായി ചികിത്സകളും നടത്തിയിരുന്നു. അന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ മൂന്ന് ജില്ലകളായിരുന്നു ഉണ്ടായിരുന്നത്. അതിൽ കൊല്ലം ജില്ല ഹരിജൻ കോൺഗ്രസി​െൻറ പ്രസിഡൻറായിരുന്നു ഡോ. കെ.വി. പണിക്കർ. അക്കാലത്ത് യാത്രക്കിടയിൽ കൊല്ലത്തെ ഒരു ചായക്കടയിൽ ഗ്ലാസിലും ചിരട്ടയിലും ആയി രണ്ടുതരത്തിൽ ആളുകൾ ചായ കുടിക്കുന്നതുകണ്ട് അവിടെയിറങ്ങി കാര്യം അന്വേഷിച്ചപ്പോൾ ഹരിജനങ്ങൾക്ക് ചിരട്ടയിലാണ് ചായ നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി. കടയുടമ പരമേശ്വരൻ പിള്ളയെ വിളിച്ചുവരുത്തി ഭീഷണിയുടെ സ്വരത്തിൽ സൗജന്യമായിട്ടല്ലോ, ചക്രം വാങ്ങിക്കൊണ്ടാണല്ലോ ചായ നൽകുന്നത്. അതിനാൽ ഗ്ലാസിൽ മാത്രമേ ഇനി മുതൽ എല്ലാവർക്കും കൊടുക്കാവു എന്ന് നിഷ്കർഷിച്ചു. കൂടാതെ ത​െൻറ കൺമുന്നിൽ വെച്ചുതന്നെ ചിരട്ടയിൽനിന്നും ഗ്ലാസിലേക്ക് ചായ പകർന്ന് നൽകിച്ചാണ് മടങ്ങിപ്പോയത്. വസൂരി, കോളറ തുടങ്ങിയ മാരകരോഗങ്ങൾ പടർന്നു പിടിച്ച കാലത്ത് പാവുക്കര, പരുമല, പൊതുവൂർ, ബുധനൂർ, വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ അമൂല്യമായിരുന്നു. 1944ൽ സമരവുമായി ബന്ധപ്പെട്ട് ഒരു കൊടുംകാട്ടിൽ ഒളിവിൽ കഴിയവേ, ബ്രിട്ടീഷ് പട്ടാളം വളഞ്ഞു. അവിടെനിന്നും പിടികൊടുക്കാതെ ഓടിപ്പോകുന്നതിനിടയിൽ 47ാമത്തെ വയസ്സിൽ വിഷം തീണ്ടിയാണ് മരണം. ഭാര്യയായ കുഞ്ഞിക്കുട്ടിയമ്മക്ക് മരണംവരെ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള കേന്ദ്ര-സംസ്ഥാന പെൻഷനുകൾ ലഭിച്ചിരുന്നതാണ് ഏക അംഗീകാരം. അദ്ദേഹത്തി‍​െൻറ ഓർമക്കായി കുടുംബത്തി​െൻറ നേതൃത്വത്തിൽ സ്മാരക ചികിത്സ ധനസഹായ നിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുള്ളത് മകൻ രവീന്ദ്രൻ നായർ മാത്രമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.