പൈതൃകനഗരിയിൽ നിരീക്ഷണ കാമറകൾ ഇല്ലാതായി; സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചു

മട്ടാഞ്ചേരി: പൈതൃകനഗരി വിദേശ വിനോദസഞ്ചാരികൾക്ക് ആഹ്ലാദത്തിേൻറതല്ല, ആശങ്കയുടെതായി മാറുന്നു. പിടിച്ചുപറി, ഭീഷണി, മോഷണം എന്നതിനൊപ്പം പ്രകാശിക്കാത്ത തെരുവ് വിളക്കുകൾ, തെരുവുനായ് ശല്യം, പകർച്ചവ്യാധി ഭീഷണി തുടങ്ങി ഫോർട്ടുകൊച്ചിയിലെത്തുന്ന സഞ്ചാരികളെ മനംമടുപ്പിക്കുന്ന ഘടകങ്ങൾ ഏറെയാണ്. നവവത്സരാഘോഷ വേളയിലും വഴിയോരങ്ങളിലും വിനോദസഞ്ചാരികൾക്കുനേരെ പിടിച്ചുപറി വർധിച്ചതോടെ ഫോർട്ട് കൊച്ചിയിലെ മുൻ സബ് കലക്ടറുടെ നേതൃത്വത്തിൽ പൊലീസുമായി ചേർന്ന് 30-ഓളം നിരീക്ഷണ കാമറ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു. ടൂറിസ്റ്റ് പൊലീസ് കേന്ദ്രത്തിലായിരുന്നു ഈ കാമറകളുടെ നിയന്ത്രണം. കാമറകൾ കൺ തുറന്നതോടെ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം നിയന്ത്രിതമായിരുന്നു. ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിനു സമീപം ബൈക്കിലെത്തി വിദേശിയുടെ ബാഗ് തട്ടിയെടുത്ത മോഷ്ടാക്കളെ നിമിഷങ്ങൾക്കകം പൊലീസിന് പിടികൂടാനായി. വിനോദ സഞ്ചാരികൾക്കെന്നപ്പോലെ നാട്ടുകാരുടെയും സുരക്ഷക്ക് സാഹചര്യമൊരുങ്ങി. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും കരാറുകാരന് തുക നൽകാതായതോടെ കാമറകൾ അഴിച്ചു കൊണ്ടുപോകുകയായിരുന്നു. ഇതോടെയാണ് സാമൂഹികവിരുദ്ധരും ലഹരി വിൽപന സംഘങ്ങളും വീണ്ടും തലപൊക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിദേശികളുടെതായി ആറ് പരാതികളാണ് പൊലീസിന് ലഭിച്ചത്. യാത്രത്തിരക്കിനിടയിൽ പരാതിപ്പെടാതെ പോയവർ അതിലുമേറെയെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്ര വാഹനങ്ങളിലെത്തുന്നവരുടെ അതിക്രമത്തിനിരയാകുമ്പോൾ പകച്ച് പിന്നീട് പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ നിസ്സഹായാവസ്ഥയിലാകുന്നു. ഇത് അക്രമികൾക്ക്‌ രക്ഷപ്പെടാനുള്ള വഴിയാകുന്നെന്ന് ഹോംസ്റ്റേ സംരംഭകരും പറയുന്നു. വിനോദസഞ്ചാരികൾക്കായി ഒട്ടേറെ വികസന സൗകര്യങ്ങളൊരുക്കുമ്പോഴും സാമൂഹികവിരുദ്ധ ശല്യം കുറക്കാൻ സുരക്ഷക്ക് നിരീക്ഷണ കാമറ സ്ഥാപിക്കാൻ പോലുമാകാത്തത് ടൂറിസ്റ്റുകളുടെ വരവിനെയാണ് ബാധിക്കുന്നത്. ജനമൈത്രി പൊലീസും ടൂറിസം പൊലീസും ചേർന്നൊരുക്കുന്ന പട്രോളിങ് ശക്തമാക്കുന്നേതാടൊപ്പം സാമൂഹികവിരുദ്ധരെ അഴിക്കുള്ളിലാക്കാൻ സുരക്ഷ കാമറ വീണ്ടും സജ്ജമാക്കണമെന്നാണ് ആവശ്യം. ഫൈബർ കേബിൾ തൂൺ റോഡിലേക്ക് മറിഞ്ഞു: ബൈക്ക് യാത്രികന് പരിക്ക് പള്ളുരുത്തി: പള്ളുരുത്തി സംസ്ഥാന പാതക്കു സമീപം റിലയൻസ് ഫൈബർ കേബിളിന് സ്ഥാപിച്ച ഇരുമ്പ് തൂൺ മറിഞ്ഞ് ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.30ഓടെ പള്ളുരുത്തി നടക്കു സമീപമാണ് സംഭവം. റോഡിലേക്ക് ചാഞ്ഞിരുന്ന കേബിളുകൾ വാഹന യാത്രികർക്ക് ഭീഷണിയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം റോഡിലേക്ക് വീണ കേബിളിൽ വാഹനം ഉടക്കി ഇരുമ്പുതൂൺ റോഡിലേക്ക് മറിയുകയായിരുന്നു. പള്ളുരുത്തി സ്വദേശി അജയനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. ഫൈബർ കേബിൾ അപകടാവസ്ഥയിലാണെന്ന് വ്യക്തമാക്കി റിലയൻസ് കമ്പിനി അധികൃതർക്കും നഗരസഭക്കും നാട്ടുകാർ പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.