കൊച്ചി: ''എല്ലാം ദൈവത്തിെൻറ പരീക്ഷണം'' അർബുദബാധിതയാെണന്ന് അറിഞ്ഞപ്പോൾ സൗജത്ത് പുഞ്ചിരിയോടെ പറഞ്ഞു. ആയിരക്കണക്കിന് രോഗികൾക്ക് സാന്ത്വനം പകർന്ന് സൗജത്ത് എറണാകുളം ജനറൽ ആശുപത്രിയുടെ അർബുദ വാർഡിൽനിന്ന് പടിയിറങ്ങിയത് കഴിഞ്ഞവർഷമാണ്. ദുഃഖവും വേദനയും തളംകെട്ടി നിൽക്കുന്ന അതേ വാർഡിൽ രോഗിയായി താനും കിടക്കേണ്ടിവരുമെന്ന് അവർ കരുതിയില്ല. എട്ടുവർഷം അർബുദ വാർഡിൽ രോഗികളെ പരിചരിച്ച സൗജത്ത് നഴ്സിങ് സൂപ്രണ്ടായാണ് വിരമിച്ചത്. നഴ്സായ മകളുടെ പ്രസവശുശ്രൂഷക്ക് കഴിഞ്ഞ ഏപ്രിലിൽ ഖത്തറിൽ പോയി. ശരീരവേദനയും പ്രമേഹവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഒരാഴ്ച അവിടെ ആശുപത്രിയിൽ കിടന്നു. തുടർന്ന് കണ്ണിന് മഞ്ഞളിപ്പും വയർ സ്തംഭനവുമുണ്ടായി. പാൻക്രിയാസിന് അർബുദം ബാധിച്ചതായി വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയതോടെ നാട്ടിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചു. ചൊറിച്ചിലും നടുവേദനയും കലശലായതോടെ ഒരാഴ്ചയായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംസാരിക്കാൻ പ്രയാസമാണ്. എല്ലാം ഒാർമയുണ്ട്. നിർധനരെ പരിചരിക്കാനും അവരെ സഹായിക്കാനും മുന്നിൽ നിന്ന സൗജത്തിെൻറ മുഖം ഒരുരോഗിക്കും മറക്കാനാവില്ല. മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന സൗജത്ത് അർബുദരോഗികളെ പരിചരിക്കാൻ എറണാകുളം ജനറൽ ആശുപത്രിയിലെ സേവനം ചോദിച്ചുവാങ്ങുകയായിരുന്നു. പരിചരിക്കാൻ ആരുമില്ലാത്തവർക്ക് സാന്ത്വനമായിരുന്ന സൗജത്ത് ഇന്ന് വേദനസംഹാരികളുടെ പിൻബലത്തിൽ ജീവിതം തള്ളിനീക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് പഠനം പൂർത്തിയാക്കി 1980ലാണ് നഴ്സിങ് ജോലിയിൽ പ്രവേശിച്ചത്. പെയിൻ പാലിയേറ്റിവ് കെയർ, മയ്യിത്ത് ശുശ്രൂഷ എന്നിവയിലും സജീവമായിരുന്നു. മറ്റുആശുപത്രികളിൽ രോഗി മരിക്കുേമ്പാൾ ബന്ധുക്കൾക്ക് ആശ്വാസമേകാൻ സൗജത്ത് അവിടെയുമെത്തും. ചിലർ ഇവരെ അന്വേഷിച്ച് വരും. ഇതെല്ലാം തെൻറ ജോലിയുടെ ഭാഗമാണെന്നാണ് സൗജത്ത് പറയുക. ദൈവത്തിെൻറ പ്രീതിയല്ലാതെ ഒന്നും താൻ ആഗ്രഹിച്ചിട്ടില്ല. മൂന്നുതവണ ഹജ്ജ് സേവനത്തിന് സൗദിയിൽ പോയി. ഇത്തവണയും നെടുമ്പാശ്ശേരിയിൽനിന്ന് വിളി വന്നതായി ഭർത്താവ് പി. നൈനാൻ പറഞ്ഞു. ഇൗരാറ്റുപേട്ട സ്വദേശിയായ സൗജത്ത് നെട്ടൂരാണ് താമസം. മുഹമ്മദ് നസീബ്, നജ്മ, സജ്ന എന്നിവർ മക്കളാണ്. കെ.എം.എം. അസ്ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.