കാത്തിരിപ്പിനും കണ്ണീരിനും വിരാമം; മോണ്ടിയെ തേടി മാതാപിതാക്കളെത്തി

കൊച്ചി: തോരാത്ത കണ്ണീരുമായി അലയുകയായിരുന്നു പുരൻചന്ദും ഭാര്യ അനിതയും. ഡൽഹിയിലെ വീഥികളിൽ ഓട്ടോറിക്ഷയുമായി സവാരിക്കിറങ്ങുമ്പോൾ കാണുന്നവരിലെല്ലാം പൊന്നുമോ​െൻറ മുഖം തിരയും. എവിടെയും കാണാതായതോടെ നിലക്കാത്ത കണ്ണീരുമായി അലഞ്ഞ ഈ മാതാപിതാക്കളെത്തേടി ഒടുവിൽ സന്തോഷ വാർത്ത എത്തിയത് കേരളത്തിൽനിന്നാണ്. എറണാകുളം നീർപ്പാറയിലെ സ്പെഷൽ സ്കൂളിലെത്തി മോണ്ടി എന്ന ഒമ്പത് വയസ്സുകാരനായ തങ്ങളുടെ കുഞ്ഞിനെ കണ്ടതോടെ അടക്കാനാവാത്ത സന്തോഷം അശ്രുകണങ്ങളായി പെയ്തിറങ്ങി. മാറോട് ചേർത്ത് മാതാപിതാക്കൾ കവിളിൽ മുത്തം നൽകി. ആരോടൊക്കെ എങ്ങനെയൊക്കെ നന്ദി പറയണമെന്ന് അവർക്ക് അറിയില്ലായിരുന്നു. ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ല ശിശുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടും റെയിൽേവ പൊലീസിനോടും നന്ദി പറയുകയാണ് ഇവർ. കഴിഞ്ഞ മാർച്ചിലാണ് എറണാകുളം സൗത്ത് റെയിൽേവ സ് റ്റേഷനിൽനിന്ന് ആർ.പി.എഫിന് കുട്ടിയെ കിട്ടിയത്. ഇവർ ചൈൽഡ് ലൈനിന് കുട്ടിയെ കൈമാറി. എന്നാൽ, സംസാരിക്കാൻ കഴിവില്ലാത്തതും കേൾവിശക്തിയില്ലാത്തതും കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് തടസ്സമായി. മാതാപിതാക്കളാരാണെന്നോ സ്ഥലം എവിടെണെന്നോപോലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ പദ്മജ നായരുമായി സംസാരിച്ച് കുട്ടിയെ വടുതല ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനിൽ എത്തിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകനായ നിരീഷ് ആൻറണിയുടെ നേതൃത്വത്തിൽ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ടായിരുന്നു. ഒഡിഷക്കാരനാണ് കുട്ടിയെന്ന സംശയത്തെ തുടർന്ന് അവിടെ അന്വേഷണം ശക്തമാക്കിയിരുന്നു. അതേസമയം, കുട്ടിയെ വിദ്യാഭ്യാസത്തിന് ബധിര മൂക വിദ്യാർഥികൾക്കായുള്ള നീർപ്പാറ അസീസി സ്കൂളിലെത്തിച്ചു. ഈ സമയത്ത് ഉന്നത വിദ്യാഭ്യാസത്തി​െൻറ ആവശ്യത്തിന് സ്കൂളിലെത്തിയ റിൻസി ജോസഫ് എന്ന പ്രത്യേക അധ്യാപികയുടെ ഇടപെടലാണ് വഴിത്തിരിവായത്. മോണ്ടിയോട് സംസാരിച്ച റിൻസി ഡൽഹിയിലാണ് കുട്ടിയുടെ സ്വദേശം എന്ന് തിരിച്ചറിഞ്ഞു. ഡൽഹിയിലുള്ള ഒരു സുഹൃത്തിന് വിവരം നൽകുകയും അന്വേഷണം നടത്തുകയും ചെയ്തു. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്. അച്ഛ​െൻറയും അമ്മയുടെയും ചിത്രം ഇ-മെയിൽ വഴി ശേഖരിച്ച് മോണ്ടിയെ കാണിക്കുകയും ചെയ്തു. ഈ സമയം കുട്ടി പ്രകടിപ്പിച്ച സന്തോഷവും പ്രത്യേക ഭാവങ്ങളും അവർ ശ്രദ്ധിച്ചു. ഇങ്ങനെയാണ് മാതാപിതാക്കൾ ഇവരാണെന്ന് ഉറപ്പിച്ചത്. തുടർന്ന് പുരൻചന്ദിനെയും അനിതയെയും കേരളത്തിലെത്തിക്കുകയായിരുന്നു. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ചൈൽഡ് ലൈൻ പ്രവർത്തകർ സാക്ഷ്യം വഹിച്ചത്. ശനിയാഴ്ച ഇവർ നാട്ടിലേക്ക് തിരിക്കും. യാത്രക്കുള്ള എല്ലാ െചലവും ചൈൽഡ് ലൈൻ വഹിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.