എസ്.എഫ്.ഐക്കാർ തമ്മിൽ തല്ലി കാമ്പസിനെ കലാപഭൂമിയാക്കി -കെ.എസ്.യു കൊച്ചി: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ ചേരിതിരിഞ്ഞ് സംഘർഷം നടത്തി കാമ്പസിനെ കലാപഭൂമിയാക്കുകയാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി. എസ്.എഫ്.ഐയിൽ നാളുകളായി തുടരുന്ന ആഭ്യന്തര തർക്കങ്ങളാണ് പൊട്ടിത്തെറിയിലെത്തിയത്. ഒന്നാം വർഷ വിദ്യാർഥികളെ കാമ്പസിലേക്ക് സ്വാഗതം െചയ്ത് ഓഡിറ്റോറിയത്തിൽ കെ.എസ്.യു നേതൃത്വത്തിൽ പരിപാടി നടക്കുമ്പോഴായിരുന്നു യൂനിയൻ ഓഫിസിന് സമീപം എസ്.എഫ്.ഐക്കാർ തമ്മിൽ തല്ലിയത്. തുടർന്ന് കാമ്പസിലെത്തിയ പൊലീസിനെ എസ്.എഫ്.ഐ പ്രവർത്തകർ കല്ലെറിഞ്ഞതിനെതുടർന്നാണ് അവർ ലാത്തിവീശിയത്. ക്ലാസിലിരുന്ന വിദ്യാർഥികളെ ഉൾപ്പെടെ പൊലീസ് മർദിച്ചു. പുരുഷ പൊലീസുകാർ പെൺകുട്ടികളുടെ ശുചിമുറിയിൽവരെ കയറി വിദ്യാർഥിനികളെ മർദിച്ച സംഭവം പ്രതിഷേധാർഹമാണെന്ന് കെ.എസ്.യു യൂനിറ്റ് കമ്മിറ്റി വ്യക്തമാക്കി. കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐ നടത്തുന്ന ഗുണ്ടായിസം കാമ്പസ് രാഷ്ട്രീയത്തിന് കളങ്കം ചാർത്തുന്നതാണെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും മഹാരാജാസ് കോളജ് യൂനിയൻ മുൻ ചെയർമാനുമായ എ.എ. അജ്മൽ കുറ്റപ്പെടുത്തി. കാമ്പസുകളിലെ എസ്.എഫ്.ഐ അക്രമം നിയന്ത്രിക്കാൻ മുഖ്യമന്ത്രിയും സിപി.എമ്മും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.