ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം സർക്കാർ ശരിയാക്കി!

തൃശൂർ: സര്‍ക്കാര്‍ നയത്തെക്കുറിച്ച് ജീവനക്കാർക്ക് ഇനി അഭിപ്രായം പറയാനാകില്ല. പറഞ്ഞാൽ അവരോട് സർക്കാർ പറയും, സർവിസിൽനിന്ന് 'കടക്ക് പുറത്ത്'. സർവിസ് സംഘടനായോഗങ്ങളിൽപോലും സര്‍ക്കാര്‍ നയങ്ങള്‍ക്കും നടപടികള്‍ക്കും എതിരായ വിമർശനങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്തുന്നത് വിലക്കിക്കൊണ്ട് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കര്‍ശനമാക്കി സർക്കാർ പുറപ്പെടുവിച്ച സർക്കുലറിലാണ് ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സർക്കാർ 'ശരിയാക്കു'ന്നത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് മേലധികാരികള്‍ക്ക് നിര്‍ദേശം. സർക്കാറിന് ഇഷ്ടമില്ലാത്തത് പറഞ്ഞാൽ പണിപോകും. കഴിഞ്ഞ ജനുവരി 31നാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ ഏറെ വിമർശനം ഉയരുകയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയുമുണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലാണ് ഉത്തരവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഇത് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും സർക്കാറി​െൻറ നയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് സർക്കുലർ വിലക്കുന്നു. സര്‍ക്കാറിനെതിരെ ഒരു വേദിയിലും വിമര്‍ശനം പാടില്ലെന്നാണ് ഉത്തരവ്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 60 (എ) പ്രകാരമാണ് നടപടി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി സംസാരിക്കാനോ എഴുതാനോ പാടിെല്ലന്ന് സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50 ഇന പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കഴിഞ്ഞ ജൂൈല നാലിന് സർവിസ് സംഘടന പ്രതിനിധികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ശുചിത്വം ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം കൊണ്ടുവരുമെന്നതും ഉൾപ്പെടെയായിരുന്നു അന്ന് സംഘടന പ്രതിനിധികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നത്. ഇതിനിടെ സംസ്ഥാനത്തെ ചില ഭാഗങ്ങളിലെ പൊലീസ് നടപടി, മൂന്നാറിൽ സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് പെരുമാറ്റച്ചട്ടം കർശനമാക്കി വീണ്ടും ഉത്തരവ് ഇറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.