നെട്ടൂർ: ജനവാസ മേഖലയിൽനിന്ന് കുമ്പളം ടോൾ പ്ലാസ മാറ്റിസ്ഥാപിക്കുക, സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദ് ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ടോൾ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ദേശീയപാത സംരക്ഷണ സമിതി ചെയർമാൻ ഹാഷിം ചേന്ദാമ്പിള്ളി മാർച്ച് ഉദ്ഘാടനം ചെയ്തു. സർക്കാർ നിശ്ചയിച്ച 45 മീറ്ററിൽ കൂടുതൽ വിപുലമായ രീതിയിൽ ടോൾ പിരിവ് നടത്തിക്കൊണ്ടിരിക്കെ ടോൾ വികസനത്തിന് ഇനിയും സ്ഥലം ഏറ്റെടുക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കൈകടത്തലും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും അദ്ദേഹം പറഞ്ഞു. ജനവാസ മേഖലയിൽനിന്ന് മാടവനയിലേക്കൊ മറ്റോ ടോൾ ബൂത്ത് മാറ്റിസ്ഥാപിക്കണം. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച കുമ്പളം ടോൾ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി ഹരിദാസ് പറഞ്ഞു. ജനകീയ സമതി കൺവീനർ മധു കൊറശേരി, കുമ്പളം മഹല്ല് ജമാഅത്ത് ഖതീബ് അബ്ദുൽ ഖാദർ മന്നാനി, മജീദ് ചെങ്ങാരം പള്ളി, സി.കെ. ചന്ദ്രൻ, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.