കോലഞ്ചേരി: റവന്യൂ പുറമ്പോക്കുഭൂമി മതില്‍ കെട്ടി കൈവശപ്പെടുത്തിയ കോളജ് ട്രസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോളജ് ഗ്രൗണ്ടിനോടുചേര്‍ന്ന 1.8 ഏക്കര്‍ റവന്യൂ പുറമ്പോക്ക് കൈവശപ്പെടുത്തിയ സെന്‍റ് പീറ്റേഴ്സ് കോളജ് മാനേജ്മെന്‍റിനെതിരെയാണ് പ്രതിഷേധം ശക്തമായത്. വര്‍ഷങ്ങളായി കോളജിലെ വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉപയോഗിച്ചിരുന്നതാണ് റവന്യൂ പുറമ്പോക്കിലുള്ള മൈതാനം. പ്രദേശത്തെ നൂറുകണക്കിനാളുകള്‍ പ്രഭാതസവാരിക്കും കായികവിനോദങ്ങള്‍ക്കും ഉപയോഗിച്ചിരുന്നതും ഈ മൈതാനമായിരുന്നു. പൂതൃക്ക പഞ്ചായത്തില്‍നിന്ന് 1970-75 കാലത്താണ് ഈ ഭൂമി അഞ്ചുവര്‍ഷ കാലാവധിക്ക് കോളജ് അധികൃതര്‍ പാട്ടത്തിനെടുത്തത്. എന്നാല്‍, പിന്നീട് ഈ സ്ഥലം കോളജ് അധികൃതര്‍ മതില്‍ കെട്ടി കൈവശപ്പെടുത്തുകയായിരുന്നു. കൂടാതെ, മാറിവന്ന പഞ്ചായത്ത് ഭരണസമിതികള്‍ പാട്ടക്കാലാവധി പുതുക്കി നല്‍കുകയും ചെയ്തു. എന്നാല്‍, ഗ്രൗണ്ടില്‍ പൊതുജനങ്ങള്‍ക്കും അവകാശം ഉറപ്പാക്കിയായിരുന്നു ഇത്. ഇതിനിടെ, വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് കെട്ടിടം പണിയാനായി പൂതൃക്ക പഞ്ചായത്ത് അധികൃതര്‍ 2010ല്‍ ഈ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 2011 മുതല്‍ പാട്ടക്കാലാവധി പുതുക്കി നല്‍കിയതുമില്ല. ഇതേച്ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ സ്ഥലം എം.എല്‍.എയുടെയും അന്നത്തെ ജില്ലാ കലക്ടറുടെയും സാന്നിധ്യത്തില്‍ അനുരഞ്ജന ചര്‍ച്ചകളും നടന്നു. ഈ സ്ഥലത്തിന് പകരമായി സ്ഥലം നല്‍കാമെന്നായിരുന്നു ചര്‍ച്ചയില്‍ കോളജ് അധികൃതരുടെ വാഗ്ദാനം. എന്നാല്‍, ഇത് പാലിക്കാന്‍ കോളജ് അധികൃതര്‍ തയാറാകാതെവന്നതോടെ പഞ്ചായത്ത് ഹൈകോടതിയെ സമീപിച്ചു. കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം നിഷേധിച്ച് ഗ്രൗണ്ട് അടച്ചുകെട്ടിയത്. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ട്രസ്റ്റിന്‍െറ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ കോളജിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.