മത്സ്യബന്ധനത്തിന് മിനിമം ലീഗല്‍ സൈസ് ഉത്തരവ് നടപ്പാക്കാന്‍ നടപടി

കൊച്ചി: പിടിച്ചെടുക്കാവുന്ന 14 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ നീളം നിജപ്പെടുത്തി മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മിനിമം ലീഗല്‍ സൈസ് (എം.എല്‍.എസ്) നടപ്പാക്കാന്‍ നടപടിയായി. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്‍.ഐ 58 മത്സ്യ ഇനങ്ങളുടെ മിനിമം ലീഗല്‍ സൈസ് നിജപ്പെടുത്തി നല്‍കിയ ശിപാര്‍ശ നടപ്പാക്കുന്നതിന്‍െറ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 14 മത്സ്യ ഇനങ്ങള്‍ക്കായി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. മിനിമം ലീഗല്‍ സൈസ് വിജ്ഞാപനം കേരളത്തില്‍ നടപ്പാക്കുന്നതോടെ മറ്റ് തീരദേശ സംസ്ഥാനങ്ങളിലും സമാന നിയന്ത്രണങ്ങള്‍ക്ക് പ്രേരകമാവുമെന്നാണ് സി.എം.എഫ്.ആര്‍.ഐയുടെ കണക്കുകൂട്ടല്‍. കേരള കടലില്‍നിന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മത്സ്യത്തിന്‍െറ ലഭ്യതയില്‍ തുടര്‍ച്ചയായി കുറവുണ്ടായ സാഹചര്യത്തിലാണ് എം.എല്‍.എസ് നടപ്പാക്കാന്‍ ആലോചന തുടങ്ങിയത്. സുസ്ഥിര മത്സ്യലഭ്യതക്ക് കേരളം മുന്‍കൈയെടുത്ത് തുടങ്ങിവെക്കുകയും പിന്നീട് മറ്റെല്ലാ തീരദേശ സംസ്ഥാനങ്ങളും ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്ത മണ്‍സൂണ്‍കാല ട്രോളിങ് നിരോധം ശ്രദ്ധേയമായ തീരുമാനമായിരുന്നു. ഇതുപോലെതന്നെ മറ്റൊരു സുപ്രധാന തീരുമാനമാണ് കേരള സര്‍ക്കാര്‍ മിനിമം ലീഗല്‍ സൈസ് എന്ന പേരില്‍ പിടിച്ചെടുക്കാവുന്ന 14 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ നീളം നിജപ്പെടുത്തി 2015 ജൂലൈ 24നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.