കോണത്തുപുഴ നാടിന് സമര്‍പ്പിച്ചു; ആഘോഷമായി വള്ളംകളി മത്സരം

തൃപ്പൂണിത്തുറ: നീരൊഴുക്ക് നിലച്ച് മാലിന്യം പേറി ദുര്‍ഗന്ധപൂരിതമായിക്കിടന്ന കോണത്തുപുഴയുടെ പുനരുദ്ധാരണവും നാടിന് സമര്‍പ്പിക്കലും ഉദയംപേരൂര്‍ ഗ്രാമത്തിന് ഉത്സവമായി. പുഴ സമര്‍പ്പണത്തിന്‍െറ ഭാഗമായി കോണത്തുപുഴയുടെ ചരിത്രത്തിലാദ്യമായി നടന്ന വള്ളംകളി മത്സരം പ്രദേശവാസികളടക്കം വന്‍ ജനാവലിക്ക് ആഹ്ളാദം പകര്‍ന്നു. ജലസമൃദ്ധിയുടെയും കാര്‍ഷിക സമൃദ്ധിയുടെയും സ്മരണകള്‍ പേറി 30 കൊല്ലത്തോളമായി മരിച്ചുകിടന്ന കോണത്തുപുഴയാണ് ഒരുമാസം നീണ്ട മനുഷ്യപ്രയത്നത്തിനൊടുവില്‍ ജലസമൃദ്ധി നേടി തെളിഞ്ഞൊഴുകാന്‍ തുടങ്ങിയത്. ഉദയംപേരൂര്‍, ആമ്പല്ലൂര്‍, മുളന്തുരുത്തി, ചോറ്റാനിക്കര പഞ്ചായത്തുകളിലെ പ്രദേശവാസികളടക്കമുള്ളവര്‍ക്ക് ആഹ്ളാദം പകര്‍ന്ന കാഴ്ചയായിരുന്നു അത്. ഞായറാഴ്ച വൈകീട്ട് തെക്കന്‍ പറവൂര്‍ അങ്ങാടിക്ക് കിഴക്കുഭാഗത്തെ പുഴക്കടവില്‍ ഒരുക്കിയ വേദിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോണത്തുപുഴ നാടിന് സമര്‍പ്പിച്ചു. വള്ളംകളി മത്സരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.എന്‍. സുഗതന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഓടിവള്ളങ്ങളും ചെറുവള്ളങ്ങളും മുത്തുക്കുടകളേന്തി വേദിക്ക് മുന്നിലൂടെ സ്റ്റാര്‍ട്ടിങ് പോയന്‍റ് വരെ ഘോഷയാത്ര നടത്തി. സ്മരണിക ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശാ സനില്‍ യുടെ പ്രകാശനം ചെയ്തു. ജലോത്സവത്തില്‍ അനീഷ് അയ്യപ്പന്‍ ക്യാപ്റ്റനായുള്ള ഏരൂര്‍ കുന്നറ ബോട്ട് ക്ളബിന്‍െറ മയില്‍ വാഹനം ഇരുട്ടുകുത്തി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. ജിബിന്‍ ക്യാപ്റ്റനായുള്ള നെട്ടൂര്‍ ബ്ളോട്ട് ക്ളബിന്‍െറ കാശിനാഥന്‍ രണ്ടാം സ്ഥാനം നേടി. ലൂസേഴ്സ് ഫൈനലില്‍ സജീവ് പി.വി. ക്യാപ്റ്റനായുള്ള സൗത് പറവൂര്‍ ഒരുമ ബോട്ട് ക്ളബിന്‍െറ വടക്കുംനാഥനും വിജയിയായി. ചെറുവള്ളങ്ങളുടെ മത്സരത്തില്‍ ജിത്തു ക്യാപ്റ്റനായുള്ള ഏരൂര്‍ അന്തിമഹാകാളന്‍ ക്ളബിന്‍െറ വടക്കനപ്പന്‍ ഒന്നാമതായി. മനോജ് ഏലിയമ്മന്‍ ക്യാപ്റ്റനായ ബ്രഹ്മമംഗലം ക്ളബിന്‍െറ ജലദേവന്‍ രണ്ടാം സ്ഥാനം നേടി. ഏറ്റവും നല്ല അമരക്കാരനുള്ള സമ്മാനം വടക്കുംനാഥന്‍െറ പി.കെ. ഷാജി നേടി. പഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍ ജേക്കബ് സമ്മാനങ്ങള്‍ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.