കിഴക്കമ്പലത്ത് കനാലില്‍ മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലക്കുന്നു

കിഴക്കമ്പലം: വേനല്‍ വറുതിയില്‍ കുടിവെള്ളം കിട്ടാക്കനിയായതോടെ പെരിയാര്‍വാലി കനാലിനെ ആശ്രയിച്ചവര്‍ക്ക് ഒടുവില്‍ നിരാശ ഫലം. കിഴക്കമ്പലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലിലെ നീരൊഴുക്ക് മാലിന്യം അടിഞ്ഞുകൂടി പലയിടത്തും തടസ്സപ്പെടുന്നതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. കിണറുകള്‍ ഉള്‍പ്പെടെയുള്ള ജല സ്രോതസ്സുകള്‍ വറ്റുമ്പോള്‍ നാട്ടുകാരുടെ പ്രധാന ആശ്രയം പെരിയാര്‍വാലി കനാല്‍ വെള്ളമാണ്. നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടതിനുശേഷമാണ് കനാലില്‍ വെള്ളം തുറന്നുവിട്ടത്. റോഡിന് അടിയിലൂടെ കനാല്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ വെള്ളം ഒഴുകാനായി സ്ഥാപിച്ച പൈപ്പുകള്‍ മാലിന്യം വന്ന് അടിഞ്ഞ് അടഞ്ഞുപോകുന്നതാണ് ഒഴുക്ക് നിലക്കാന്‍ കാരണം. കനാലില്‍ അടിഞ്ഞുകൂടിയ പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഈ പൈപ്പുകളില്‍ വന്ന് അടിയും. ഇതോടെ പൈപ്പ് അടഞ്ഞ് ഒഴുക്ക് തടസ്സപ്പെടും. ഇതത്തേുടര്‍ന്ന് ചിലയിടങ്ങളില്‍ കനാല്‍ നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയുണ്ട്. വ്യാസം കുറഞ്ഞ പൈപ്പില്‍നിന്ന് മാലിന്യം നീക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഒഴുകിയത്തെുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടി പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. 1970കളിലാണ് ഈ കനാലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അന്ന് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വ്യാപകമല്ലാതിരുന്നതിനാലും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടന്നിരുന്നതിനാലും നീരൊഴുക്ക് സുഗമമായിരുന്നു. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പൈപ്പുകളുടെ ഉള്‍വശം വൃത്തിയാക്കാതെ പുറമേയുള്ള പുല്ല് പറിച്ചുമാറ്റുക മാത്രമേ ചെയ്യുന്നുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.