‘ഓണമുണ്ണാന്‍ ജൈവപച്ചക്കറി’ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ കൃഷിയിറക്കി

കൊച്ചി: സി.പി.എം നേതൃത്വം നല്‍കുന്ന ‘ഓണമുണ്ണാന്‍ ജൈവപച്ചക്കറി‘ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞൂരില്‍ നടന്നു. കോഴിക്കോടന്‍പടിക്ക് സമീപത്തുള്ള പെരുമായന്‍ സഹോദരങ്ങളായ തോമസ് - ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള സൂര്യാ ബ്രിക്സ് യൂനിറ്റിലെ മൂന്നേക്കറിലാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവും ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജുവും ചേര്‍ന്ന് ജൈവ തൈ നട്ട് ജില്ലാതല നടീല്‍ ഉദ്ഘാടനം ചെയ്തത്. കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ടി.കെ. മോഹനന്‍ അധ്യക്ഷനായി. ഓണത്തിന് ഇത്തവണ ജില്ലയില്‍ 3000 ഏക്കറില്‍ വിഷരഹിത പച്ചക്കറി കൃഷി ചെയ്യുമെന്ന് പി.രാജീവ് പറഞ്ഞു. ഇപ്പോള്‍ തന്നെ ജില്ലയില്‍ വിഷരഹിത പച്ചക്കറിയുടെ 12 വിപണന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെയെല്ലാം ജൈവ അരിയും വിറ്റഴിക്കുന്നു. ഇഷ്ടിക കളം പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ തവണ ഓണത്തിന് വേണ്ടി വിഷരഹിത ജൈവ പച്ചക്കറി കൃഷി നടത്തി പെരുമായന്‍ സഹോദരങ്ങള്‍ നാടിന്‍െറ ആദരം പിടിച്ചുപറ്റി. കാഞ്ഞൂര്‍ സര്‍വിസ് സഹകരണ ബാങ്കാണ് ഇവിടത്തെ കൃഷിക്കാവശ്യമായ എല്ലാ സഹായവും നല്‍കുന്നത്. ജൂണ്‍ 25 നകം എല്ലാ ഏരിയകളിലും നടീല്‍ ഉത്സവം പൂര്‍ത്തീകരിക്കും. സഹകരണ സംഘങ്ങളും, ബാങ്കുകളും ഈ പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. കര്‍ഷക സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. കാലടി ഏരിയാ കമ്മിറ്റി സെക്രട്ടറി സി.കെ.സലീംകുമാര്‍ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.ഐ. ശശി, കേരള കര്‍ഷകസംഘം കാലടി ഏരിയാ സെക്രട്ടറി കെ.കെ. പ്രഭ, കാഞ്ഞൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.എസ്. ബാസ്റ്റിന്‍, കിഴക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.ജി. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.