ക്ളാസ് കട്ട് ചെയ്ത് കറങ്ങിയാല്‍ ഇനി പിടിവീഴും

കൊച്ചി: വിദ്യാലയങ്ങളില്‍ ക്ളാസ് കട്ട് ചെയ്ത് കറങ്ങുന്നവരെ പിടികൂടാന്‍ നടപടികളുമായി പൊലീസ്. സ്കൂള്‍, കോളജ്, പാരലല്‍കോളജ് എന്നിവിടങ്ങളില്‍ ഹാജരില്ലാത്ത വിദ്യാര്‍ഥികളുടെ വിവരം മാതാപിതാക്കളെ അറിയിക്കുന്നതിന് സോഫ്റ്റ്വെയര്‍ സംവിധാനം കൊച്ചി സിറ്റി പൊലീസ് ആരംഭിക്കുന്നു. സ്റ്റുഡന്‍റ് കെയര്‍ പ്രോജക്ട് എന്നാണ് പദ്ധതിയുടെ പേര്. ആദ്യം മട്ടാഞ്ചേരി സബ് ഡിവിഷനിലെ സ്കൂള്‍, കോളജ് എന്നിവിടങ്ങളിലാണ് നടപ്പാക്കുക. ഈ മാസം അവസാനം മുതല്‍ എറണാകുളം, തൃക്കാക്കര സബ് ഡിവിഷനുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കും. നിലവില്‍ മട്ടാഞ്ചേരി സബ് ഡിവിഷനിലെ ഇരുപതോളം സ്കൂളുകളില്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ, സ്കൂളുകളില്‍ എത്താത്ത കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ ഇ-മെയിലേക്ക് മെസേജ് വരും. പൊലീസ് നേരിട്ട് വിളിച്ചുചോദിക്കുകയും ചെയ്യും. സ്കൂളുകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കായിരിക്കും ഇതിന്‍െറ ചുമതല. ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ സി.ഐ എ. അനന്തലാലാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍. സ്കൂള്‍, കോളജ് അധികൃതര്‍ ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് അറിയിച്ചു. പദ്ധതി നടപ്പാകുന്നതോടെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ എന്നിവര്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ ചെറിയൊരുവിഭാഗം പാന്‍പരാഗ്, സിഗരറ്റ്, മയക്കുമരുന്ന്, മദ്യം എന്നിവ ഉപയോഗിക്കുന്നതായും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായും പൊലീസ് പറയുന്നു. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംവിധാനം നിലവില്‍ വരുന്നതോടെ പൊലീസ് സംഘങ്ങള്‍ തിയറ്റര്‍, റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്ക്, സ്റ്റേഡിയം, ബസ് സ്റ്റാന്‍ഡ്, ഇട റോഡുകള്‍, ബിവറേജ്സ് ഒൗട്ട്ലറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. ക്ളാസില്‍ ഹാജരാകാതെ കറങ്ങി നടക്കുന്നവരുടെ വിവരങ്ങള്‍ നല്‍കുന്നതിന് വ്യാപാരി-വ്യവസായികളുടെയും ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും സഹായം ഉറപ്പാക്കും. യൂനിഫോമിലും മഫ്തിയിലുമുള്ള പൊലീസ് സംവിധാനം ഇതിന് സ്വീകരിക്കും. 24 മണിക്കൂര്‍ കാള്‍ സെന്‍റര്‍ വനിതാ പൊലീസ് ഓഫിസറുടെ നേതൃത്വത്തില്‍ നിലവില്‍ വരും. പൊലീസിനെ അറിയിക്കേണ്ടതായ എല്ലാ വിവരവും കാള്‍ സെന്‍റര്‍ വഴി അറിയിക്കാം. സ്കൂള്‍ സമയം കഴിഞ്ഞ് കറങ്ങിനടക്കുന്നവരെ കണ്ടത്തെി സ്കൂള്‍ അധികൃതരെയും രക്ഷാകര്‍ത്താക്കളെയും വിവരം അറിയിക്കും. താമസിച്ചും നേരത്തെയും വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും. സ്കൂള്‍ സമയങ്ങളിലും ഇടവേളകളിലും വിദ്യാര്‍ഥികളെ അന്വേഷിച്ച് എത്തുന്നവരെ നിരീക്ഷിക്കുകയും അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ചികിത്സ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അതിന് സൗകര്യമൊരുക്കും. ബോധവത്കരണ പരിപാടികളും ഈ പദ്ധതിയുടെ ഭാഗമായി നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.