കണിച്ചുകുളങ്ങര കേസ്: ഒന്നാംപ്രതി ജയിലില്‍ നിരാഹാരത്തിലെന്ന് മാതാവ്

വൈപ്പിന്‍: പ്രമാദമായ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാംപ്രതി പള്ളുരുത്തി കടേഭാഗം കൂമ്പേല്‍ ഉണ്ണി നിരാഹാരത്തിലാണെന്ന് മാതാവ് കെ.കെ. ലളിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 13 മുതല്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഉണ്ണിയെ ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ പറഞ്ഞു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എട്ടുവര്‍ഷം മുമ്പ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ അപേക്ഷ ഇതുവരെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം. ഇതുസംബന്ധിച്ച് ഉണ്ണി നിരവധി പരാതികള്‍ സുപ്രീംകോടതിക്കും ഹൈകോടതിക്കും ഗവര്‍ണര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചെറായി കേന്ദ്രമായി നടന്നിരുന്ന ചിട്ടി സ്ഥാപനങ്ങള്‍ തമ്മിലെ കുടിപ്പകയാണ് കണിച്ചുകുളങ്ങര ആസൂത്രിത വാഹനാപകട കൊലപാതകത്തിലേക്ക് നയിച്ചത്. ചെറായി എവറസ്റ്റ് ചിട്ടി ഫണ്ട് എം.ഡി ടി.ജി. രമേഷ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരാണ് കണിച്ചുകുളങ്ങരയില്‍ കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയായിരുന്നു. ലോറിയുടെ ഡ്രൈവറായിരുന്നു ഉണ്ണി. കേസില്‍ പ്രതിപ്പട്ടികയിലുള്ള ഹിമാലയ ചിട്ടി സ്ഥാപനങ്ങളുടെ ഉടമകളും തടവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.