ആലുവ റെയില്‍വേ സ്റ്റേഷന്‍ വികസനസ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുന്നു

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷന്‍ വികസനസ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കുന്നു. കഴിഞ്ഞ ദിവസം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നല്‍കിയ വാഗ്ദാനങ്ങളാണ് നഗരത്തിന് പ്രതീക്ഷ നല്‍കിയിരിക്കുന്നത്. നഗരവികസനത്തില്‍ നാഴികകല്ലാകാനിടയുള്ള റെയില്‍വേ പടിഞ്ഞാറന്‍ കവാടം സ്ഥാപിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സതേണ്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാണി പറഞ്ഞത്. സ്റ്റേഷന്‍ വികസനത്തിന്‍െറ പ്രധാന ഭാഗമാണ് പുതിയ കവാടം സ്ഥാപിക്കുകയെന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെയും ഇടുക്കി ജില്ലയിലെയും യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് ആലുവയെയാണ്. ഇത്രയധികം യാത്രക്കാരുള്ള സ്റ്റേഷനില്‍ ഒരു കവാടം മാത്രമാണ് നിലവിലുള്ളത്. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം നഗരത്തില്‍ ഗതാഗത കുരുക്കിനും ഇടയാക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വിവിധ സംഘടനകളും വ്യക്തികളും പുതിയകവാടത്തിനായി ശ്രമിച്ചത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ ഉദ്ഘാടനത്തിനത്തെിയ ഡി.ആര്‍.എം ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. പുതിയ കവാടത്തിന് പ്രധാന തടസ്സം റെയില്‍വേ ഗുഡ്സ് ഷെഡാണ്. ആവശ്യമെങ്കില്‍ ഇത് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് പടിഞ്ഞാറന്‍ കവാടം യാഥാര്‍ഥ്യമാക്കണമെന്ന് ഇന്നസെന്‍റ് എം.പി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു . സാധാരണ നിലയില്‍ രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളോ റെയില്‍വേ ഗുഡ്സ് ഷെഡ്മാറ്റുന്നതിന് ആവശ്യമുന്നയിക്കാറില്ല. അതിനാല്‍ തന്നെ എം.പിയുടെ നിലപാടും പ്രതീക്ഷ നല്‍കുന്നു. എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ് അനുവദിക്കുക, ട്രെയിനുകളില്‍ കുടിവെള്ളം നിറക്കുന്നതിന് ആലുവ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യം ഉപയോഗപ്പെടുത്തുക, യാത്രക്കാര്‍ക്കായി സ്റ്റേഷനില്‍ ഭക്ഷണശാല ആരംഭിക്കുക, എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഭക്ഷണശാല അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് സീനിയര്‍ ഡിവിഷനല്‍ കോമേഴ്സ്യല്‍ മാനേജര്‍ വി.സി. സുധീഷ് അറിയിച്ചിട്ടുണ്ട്. എന്‍.എ.ഡി, എയര്‍പോര്‍ട്ട്, ഐ.എസ്.ആര്‍.ഒ, നിരവധി സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയുടെ സമീപസ്റ്റേഷനും ആലുവയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഇതര സംസ്ഥാനക്കാരായ ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കും പ്രധാന ആശ്രയ കേന്ദ്രമാണ് ആലുവ . എന്നാല്‍, ആലുവയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതിനാല്‍ എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുകയാണ്. ആലുവയില്‍ 2005ല്‍ ഒരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനിനാണ് സ്റ്റോപ്പില്ലാതിരുന്നത്. ഡി.ആര്‍.എം ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.