ഉത്തരവ് വൈകുന്നതില്‍ അതൃപ്തി

കൊച്ചി: ജില്ലയിലെ സ്ഥലം മാറ്റം ഉത്തരവ് വൈകുന്നതില്‍ പൊലീസുകാര്‍ക്കിടയില്‍ അതൃപ്തി. വേനല്‍ അവധിക്ക് നടക്കാറുള്ള സ്ഥലം മാറ്റം നീണ്ടുപോയതോടെ കുട്ടികളുടെ പഠനം, വാടക വീട് ഉള്‍പ്പെടെ കുടുംബ കാര്യങ്ങള്‍ താളം തെറ്റിയതാണ് കാരണം. അതേസമയം, ജൂലൈയില്‍ പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംഘടന പിടിച്ചെടുക്കാനുള്ള സി.പി.എമ്മിന്‍െറ രാഷ്ട്രീയ നീക്കമാണ് ഉത്തരവ് വൈകാന്‍ കാരണമെന്നാണ് പൊലീസുകാര്‍ തന്നെ സൂചിപ്പിക്കുന്നത്. വേനലവധിയില്‍ സ്ഥലം മാറ്റമുണ്ടായാല്‍ കുട്ടികളെ താമസ സ്ഥലത്തോടുചേര്‍ന്ന സ്കൂളില്‍ ചേര്‍ക്കാനും വാടക വീട് കണ്ടത്തൊനും ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍, ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയിട്ടില്ല. സര്‍ക്കാര്‍ നടപടിയില്‍ പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടെങ്കിലും പ്രതിപക്ഷ അസോസിയേഷന്‍ നേതാക്കള്‍ പോലും പരസ്യ പ്രതികരണത്തിന് മുതിരാന്‍ ഭയപ്പെടുകയാണ്. ഏത് സ്റ്റേഷനിലേക്ക് മാറ്റിയാലും കുടുംബത്തെ മാറ്റിത്താമസിപ്പിക്കാനും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാവകാശം നല്‍കണമെന്നാണ് പൊലീസുകാരുടെ ആവശ്യം. എറണാകുളം സിറ്റി, റൂറല്‍ ജില്ലകളിലായി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ 1500ലധികം പൊലീസുകാരാണ് സ്ഥലം മാറ്റം പ്രതീക്ഷിച്ച് കഴിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും നിലവില്‍ വന്നതാണ് സ്ഥലം മാറ്റം ഉത്തരവ് താമസിക്കാന്‍ കാരണം. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കൂടി വരുന്നതോടെയാണ് സ്ഥലംമാറ്റം വീണ്ടും വൈകുന്നത്. ജൂലൈ അവസാന ആഴ്ചയിലാണ് സാധാരണ പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി എതിര്‍ ചേരികളിലുള്ള പൊലീസുകാരെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റി ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമം പാര്‍ട്ടി തലത്തില്‍ പുരോഗമിക്കുന്നതാണ് ഉത്തരവിറങ്ങാന്‍ വൈകുന്നതിന് കാരണമായി പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ഓരോ സ്റ്റേഷനിലും ഇടത് അനുകൂല സംഘടനക്ക് ഭൂരിപക്ഷം കിട്ടത്തക്ക വിധം സ്ഥലം മാറ്റം ക്രമീകരിക്കാനുള്ള നടപടികള്‍ പാര്‍ട്ടിതലത്തില്‍ നടക്കുന്നതായാണ് വിവരം. അതിനാല്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രമേ ഉത്തരവ് ഉണ്ടാവുകയുള്ളൂവെന്നാണ് പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ അസോസിയേഷന്‍ യു.ഡി.എഫ് അനുകൂല സംഘടനയുടെ നിയന്ത്രണത്തിലാണ്. ഭരണം മാറിയ സ്ഥിതിക്ക് അസോസിയേഷന്‍ ഇടത്തേക്ക് മാറുമെന്നതില്‍ സംശയമില്ല. യു.ഡി.എഫ് സംഘടനകള്‍ക്കായിരുന്നു ഇതുവരെ സ്റ്റേഷനുകളില്‍ ഭൂരിപക്ഷം. സ്റ്റേഷനുകളിലെ സംഘടനാ ചുമതലയുള്ള പൊലീസുകാരാണ് സ്ഥലം മാറ്റേണ്ടവരുടെ പട്ടിക നല്‍കുന്നത്. പട്ടിക പരിശോധിച്ച് സി.പി.എം ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കളാണ് അന്തിമമായി റിപ്പോര്‍ട്ട് നല്‍കുക. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി അധികം താമസിയാതെ സ്ഥലം മാറ്റം ഉണ്ടാകുമെന്നായിരുന്നു പൊലീസുകാരുടെ പ്രതീക്ഷ. യു.ഡി.എഫ് ഭരണത്തിലും വേനലവധിയിലെ സ്ഥലംമാറ്റം വൈകിയിരുന്നു. കുബേര അറസ്റ്റുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ സ്ഥലം മാറ്റം നീട്ടിവെച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വേനല്‍ അവധിയിലെ സ്ഥലം മാറ്റം പിന്നീട് വൈകിയിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.