വാടക കുടിശ്ശിക: എറണാകുളത്തെ കെ.പി.സി.സി ഓഫിസ് കെട്ടിടമുടമ ഒഴിപ്പിച്ചു

കൊച്ചി: എറണാകുളത്തെ കെ.പി.സി.സി ഓഫിസ് കോടതി ഉത്തരവിലൂടെ കെട്ടിടമുടമ ഒഴിപ്പിച്ച നടപടിയില്‍ ആശങ്കയോടെ പ്രവര്‍ത്തകര്‍. ഒരുകാലത്ത് സംസ്ഥാന കോണ്‍ഗ്രസിന്‍െറ ആസ്ഥാനമായിരുന്ന എറണാകുളം കെ.പി.സി.സി ജങ്ഷനിലെ ഓഫിസാണ് വാടക കുടിശ്ശികയുടെ പേരില്‍ കോടതി ഇടപെടലിലൂടെ ഒഴിപ്പിച്ചത്. സാധനങ്ങള്‍ മാറ്റുന്നതിന് ഒരു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ വാടകക്കാരുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലുള്ള വി.എം.സുധീരന്‍ തിരിച്ചത്തെിയാലുടന്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് വാടകത്തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിടമുടമയുടെ പരാതിയില്‍ കെ.പി.സി.സി ഓഫിസ് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇടപെട്ട് ഉടമകളുമായി ചര്‍ച്ച നടത്തുകയും 25,000 രൂപ വാടക നിശ്ചയിച്ച് ഒരു വര്‍ഷത്തേക്ക് മൂന്നര ലക്ഷത്തോളം രൂപ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍ന്നിങ്ങോട്ട് വാടക അടക്കുന്നത് മുടങ്ങിയതോടെയാണ് ഉടമകള്‍ കോടതിയെ സമീപിച്ച് വീണ്ടും അനുകൂല വിധി സമ്പാദിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തോളം വീണ്ടും സമയം ലഭിച്ചിട്ടും പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തിയില്ളെന്ന് നേതൃത്വത്തിനെതിരെ വിമര്‍ശമുണ്ട്. കെ.പി.സി.സി ഉണ്ടായ കാലംമുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍െറ ആസ്ഥാനമായിരുന്നു ഈ വാടകക്കെട്ടിടം. 1978 വരെ കെ.പി.സി.സി ആസ്ഥാനം എറണാകുളത്തായിരുന്നു. 78ലെ പിളര്‍പ്പിനുശേഷമാണ് ഒരു വിഭാഗം തിരുവനന്തപുരത്ത് ആസ്ഥാനം തുടങ്ങിയത്. 1982ല്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നായതോടെ തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനമാവുകയും എറണാകുളത്തെ ആസ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. കാലക്രമത്തില്‍ എറണാകുളത്തെ കെ.പി.സി.സി ഓഫിസിന്‍െറ പ്രസക്തി നഷ്ടമായി. ലാഭം നോക്കാതെ കെ.പി.സി.സി ആസ്ഥാനത്തിന് കെട്ടിടം വാടകക്ക് നല്‍കിയ പാര്‍ട്ടി അനുഭാവ കുടുംബത്തിലെ അനന്തരതലമുറ വാടക കൂട്ടി ആവശ്യപ്പെടുകയും നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിസമ്മതിക്കുകയും ചെയ്തതോടെയാണ് തര്‍ക്കവും കേസും ഉടലെടുത്തത്. കെ.പി. മാധവന്‍ നായര്‍ മുതല്‍ എ.കെ. ആന്‍റണി വരെ പ്രസിഡന്‍റായി ഇരുന്ന കെ.പി.സി.സി ഓഫിസിനോട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വൈകാരിക ബന്ധമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.