കൊച്ചിയെ കൈവിടില്ളെന്ന് മുഖ്യമന്ത്രി

കൊച്ചി: വികസനകാര്യത്തില്‍ കൊച്ചിക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എറണാകുളം പൗരാവലി മുഖ്യമന്ത്രിക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്‍െറ വികസനവും എറണാകുളത്തിന്‍െറ വികസനവും പരസ്പര പൂരകങ്ങളാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അവഗണന കാണിച്ചുവെന്ന് ആര്‍ക്കും പറയാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. നഗരത്തെ കൂടുതല്‍ ഒൗന്നത്യത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. സ്മാര്‍ട്ട് സിറ്റി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ തന്നെ ഓരോ സമയത്തും എത്രമാത്രം പൂര്‍ത്തീകരിക്കപ്പെടുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവണം. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ടീകോമിന്‍െറ വാദങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നമ്മുടെ ദേശീയപാതകളില്‍ വാഹനപെരുപ്പം മൂലം നീങ്ങാനാവാത്ത അവസ്ഥയുണ്ട്. ജനങ്ങളുടെ സുഗമമായ യാത്രാസൗകര്യത്തിന് നാലുവരിപ്പാത അനിവാര്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു തന്നെയാണ്. കൊച്ചി മെട്രോക്കൊപ്പം ജലമെട്രോക്കായും കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. എറണാകുളം കേന്ദ്രീകരിച്ചുള്ള പൈതൃക ടൂറിസം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും. സ്തംഭനാവസ്ഥയിലുള്ള മുസരീസ് പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫാക്ട്, എച്ച്.എം.ടി തുടങ്ങിയ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം ചെലുത്തും. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കൊണ്ടുവരും. കൊച്ചി കാന്‍സര്‍ സെന്‍ററിനെ ബജറ്റില്‍ അവഗണിച്ചിട്ടില്ല. 10 ലക്ഷമോ 10 കോടിയോ അനുവദിക്കുകയല്ല, ആവശ്യമായ തുക മുഴുവന്‍ ലഭ്യമാക്കുന്ന വിധത്തിലാണ് കാന്‍സര്‍ സെന്‍ററിനെ പരിഗണിച്ചിട്ടുള്ളതെന്നും പിണറായി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.