മൂവാറ്റുപുഴ: അധികാരത്തിലത്തെി രണ്ടു മാസം പിന്നിട്ടിട്ടും ജനവാസ കേന്ദ്രങ്ങളിലടക്കം നഗരത്തിലെ മാലിന്യനീക്കം പരിഹാരമായില്ല . നഗരസഭ ഓഫിസ് സ്ഥിതി ചെയ്യുന്ന കച്ചേരിത്താഴം പി.ഒ ജങ്ഷന്‍, ആരക്കുഴ ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി, പേട്ട റോഡ്, ബി.ഒ.സി, ഇ.ഇ.സി റോഡ്, കീച്ചേരിപ്പടി, കാവുങ്കര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മാലിന്യക്കൂമ്പാരമാണ്. പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ നായ്ക്കളും മറ്റും റോഡിലേക്ക് വലിച്ചിടുന്നതുമൂലം കാല്‍നടയാത്ര പോലും ദുസ്സഹമായിക്കഴിഞ്ഞു. കൃത്യമായി മാലിന്യനീക്കം നടക്കാത്തതാണ് പ്രശ്നത്തിന് കാരണം. നേരത്തെ ദിനേന മാലിന്യം നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ മൂന്നും നാലും ദിവസം കൂടുമ്പോഴാണ് നീക്കുന്നത്. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല. നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടുന്നുവെന്നാരോപിച്ച് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് നടപടിയുണ്ടാകുമെന്ന് പ്രഖ്യാപനം നടത്തിയത്. ആവശ്യത്തിന് ശുചീകരണ തൊഴിലാളികളില്ലാത്തതാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണമായത്. തൊഴിലാളികളെ മറ്റു ജോലികള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. ഇവരെ പിന്‍വലിച്ച് ജോലിക്ക് നിയോഗിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ രാഷ്ട്രീയ കാരണങ്ങളാല്‍ ഭരണ നേതൃത്വം തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.