ഭൂമിഗീതം പരിപാടിയില്‍ 1.32 കോടിയുടെ ധൂര്‍ത്ത്; ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയില്ല

കൊച്ചി: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് ജില്ലയില്‍ സംഘടിപ്പിച്ച ഭൂമിഗീതം പരിപാടിയില്‍ സമാഹരിച്ച തുകയുടെ സിംഹഭാഗവും ധൂര്‍ത്തടിച്ചു. ഭൂമിഗീതം പരിപാടി വഴി ഭൂമിയൊന്നും ലഭിച്ചില്ളെന്ന് മാത്രമല്ല, ബാക്കിയുള്ള പണം വിനിയോഗിച്ച് ഒരു കുടുംബത്തിന് പോലും ഭൂമിവാങ്ങി പുനരധിവാസവും നല്‍കിയില്ല. പരിപാടിയിലൂടെ സമാഹരിച്ച 2.16 കോടിയാണ് ചെലവഴിക്കാതെ കിടക്കുന്നത്. ഭൂമി വാങ്ങാനുള്ള ധനശേഖരണാര്‍ഥം കൊട്ടിഗ്ഘോഷിച്ച് നടത്തിയ പരിപാടിയില്‍ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞില്ളെന്ന് മാത്രമല്ല, സമാഹരിച്ച തുകയുടെ സിംഹഭാഗം ഉദ്യോഗസ്ഥ സംഘാടകര്‍ ധൂര്‍ത്തടിക്കുകയും ചെയ്തു. സംഭാവന (1.56 കോടി), ടിക്കറ്റ് വില്‍പന (1.64കോടി) കളിലൂടെ 3.20 കോടി രൂപയാണ് ജില്ലയില്‍ സമാഹരിച്ചത്. ഇതില്‍ 1.32 കോടി രൂപ പരിപാടിക്ക് ചെലവഴിച്ചതായാണ് ജില്ലാ ഭരണകൂടം വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്. 2014 ആഗസ്റ്റ് 31ന് പ്രമുഖ സിനിമ നടീ-നടന്മാരും പിന്നണി ഗായകരും പങ്കെടുത്ത പരിപാടിയില്‍ സ്റ്റേജ് ഷോ ചെലവ്് 15,25,661 രൂപയും ഭൂമിഗീതം ലോഞ്ചിങ്ങിന് 17.15 ലക്ഷവും, ശബ്ദവും വെളിച്ചത്തിനും 15.15 ലക്ഷവും പ്രചാരണത്തിന് 15.15 ലക്ഷവും ഫ്ളക്സ് പ്രിന്‍റിങ്ങിന് 10,23,773 രൂപയും ഉള്‍പ്പെടെ ഭീമയായ തുകയാണ് ദരിദ്ര ഭൂരഹിതരുടെ പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ ചെലവഴിച്ചത്. പ്ളാസ്റ്റിക് നിരോധിക്കാന്‍ നടപടി സ്വീകരിച്ച സര്‍ക്കാര്‍ പരിപാടിയില്‍ ഫ്ളക്സ് പ്രിന്‍റിങ്ങിന് ലക്ഷങ്ങള്‍ ചെലവഴിച്ചതാണ് വിചിത്രം. സ്റ്റേജ് പരിപാടി സംഘടിപ്പിച്ച ഇവന്‍റ് മാനേജ്മെന്‍റ് കൊണ്ടുപോയത് മൂന്ന് ലക്ഷം രൂപയാണ്. സംഘാടകര്‍ തിന്ന് ഉറങ്ങിയതിന് (ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍) ചെലവഴിച്ചത് 3.17 ലക്ഷം രൂപ. പരിപാടി സംഘടിപ്പിച്ച വേദിയുടെ കവാടത്തില്‍ ആര്‍ച്ച് വെച്ചതിന് മാത്രം ലക്ഷം രൂപയാണ് ചെലവഴിച്ചത്. സെക്യൂരിറ്റി ചെലവ് (3,20,000 രൂപ), ഫോട്ടോയും വിഡിയോയും (2,34,000 രൂപ), കലാകാരന്മാര്‍ക്ക് മെമന്‍േറാ (2,21,300 രൂപ) ഉള്‍പ്പെടെ സമാഹരിച്ച പണത്തിന്‍െറ സിംഹഭാഗവും ഉദ്യോഗസ്ഥ സംഘാടകര്‍ പോക്കറ്റിലാക്കിയതിന്‍െറ നേര്‍ചിത്രം കൂടിയാണ് വിവരാവകാശ രേഖയിലെ കണക്കുകള്‍. ദരിദ്ര ജനങ്ങളുടെ കിടപ്പാട പ്രശ്നം പരിഹരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ കലാകാരന്മാരുടെ സേവനം സൗജന്യമായിരുന്നു. പിന്നണി ഗായകന്‍ പി.ജയചന്ദ്രന് മാത്രം 25,000 രൂപ പ്രതിഫലം നല്‍കിയതായാണ് വിവരാവകാശ മറുപടിയില്‍ കലക്ടറേറ്റിലെ എല്‍.ആര്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് വ്യക്തമാക്കിയിട്ടുള്ളത്. ജില്ലാ ഭരണകൂടം തയാറാക്കിയ വരവുചെലവ് കണക്കുകളിലും പൊരുത്തക്കേട് കാണാം. ടിക്കറ്റ് വില്‍പനയിലൂടെ 1,64,48,756 കോടിയും സമാഹരിച്ചതായാണ് ചോദ്യത്തിന് മറുപടി നല്‍കുന്നതെങ്കില്‍ വരവ്-ചെലവ് കണക്കില്‍ ടിക്കറ്റ് വില്‍പന വരുമാനം വെറും 22,500 രൂപയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.