പൈനാപ്പിള്‍ ഫെസ്റ്റ് നടത്തിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.ഐ

മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ് നടത്തിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ പൈനാപ്പിള്‍ ഫെസ്റ്റ് നഗറിലേക്ക് മാര്‍ച്ച് നടത്തി. കൃഷിക്കാര്‍ക്ക് ന്യായവില ലഭ്യമാക്കാനും കാര്‍ഷിക മേഖലയുടെ പുരോഗതിക്കുമായി സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന പൈനാപ്പിള്‍ മിഷന്‍െറ പ്രവര്‍ത്തനവും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. പൈനാപ്പിള്‍ വില ഇടിഞ്ഞ് കര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുമ്പോള്‍ ഫെസ്റ്റിന്‍െറ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ധൂര്‍ത്ത് ജനം സഹിക്കില്ല. സംസ്ഥാന പൈനാപ്പിള്‍ മിഷന്‍െറ 20ലക്ഷം രൂപയാണ് ഫെസ്റ്റില്‍ ധൂര്‍ത്തടിക്കുന്നത്. പുറമെ സഹകരണ-വ്യവസായ സ്ഥാപനങ്ങളില്‍നിന്നും കര്‍ഷകരില്‍ നിന്നും ഫെസ്റ്റിന്‍െറ മറവില്‍ ലക്ഷങ്ങള്‍ പിരിച്ചു. പരിപാടിക്ക് സ്പോണ്‍സര്‍ഷിപ് ലഭ്യമായെങ്കിലും സംഘാടകര്‍ മറച്ചുവെക്കുകയാണ്. ചെലവ് കുറച്ച് ഗുണനിലവാരമുള്ള പൈനാപ്പിള്‍ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രാപ്തമാക്കുന്നതിനാണ് ഫെസ്റ്റ് എന്നാണ് സംഘാടകരുടെ വാദം. എന്നാല്‍, വാഴക്കുളത്തെ ലോകപ്രശസ്തിയിലേക്കുയര്‍ത്തിയ വാഴക്കുളം പൈനാപ്പിള്‍ പോലും ഫെസ്റ്റ് നഗരിയില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന പൈനാപ്പിള്‍ ഗവേഷണകേന്ദ്രം മേധാവിക്കുപോലും വാഴക്കുളം പൈനാപ്പിള്‍ പ്രദര്‍ശിപ്പിക്കാത്തതിനെക്കുറിച്ച് വ്യക്തയില്ല. സംഘാടകരുമായി വാക്കേറ്റത്തിനൊടുവിലാണ് വാഴക്കുളം പൈനാപ്പിളിന് നഗരിയില്‍ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചത്. 50ഓളം സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയിലുള്ളത്. ഇതെല്ലാം സര്‍ക്കാര്‍ സ്റ്റാളാണെന്നാണ് സംഘാടകരുടെ വാദം. യന്ത്രത്തകരാര്‍ മൂലം പൈനാപ്പിള്‍ സംഭരണം പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്. സംഭരിച്ച വകയില്‍ 50 ലക്ഷത്തിലധികം രൂപ കര്‍ഷകര്‍ക്ക് നല്‍കാനിരിക്കെയാണ് ഫെസ്റ്റ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം 300 ടണ്ണില്‍ താഴെ മാത്രം പൈനാപ്പിളാണ് മിഷന്‍ സംഭരിച്ചത്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്വകാര്യ കമ്പനികള്‍ 7000 ടണ്‍ സംഭരിച്ചതാണ് കര്‍ഷകര്‍ക്ക് രക്ഷയായത്. കര്‍ഷകന് രക്ഷയാകേണ്ട പൈനാപ്പിള്‍ മിഷനാണ് ധൂര്‍ത്തിന് പിന്നിലെന്നത് വിരോധാഭാസമാണന്നും സി.പി.ഐ ആരോപിച്ചു. ഫെസ്റ്റ് നഗറിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ടി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. എല്‍ദോ എബ്രഹാം, ഇ.കെ. സുരേഷ്, കെ.എ. സനീര്‍, ജോളി പി. ജോര്‍ജ്, വിന്‍സെന്‍റ് ഇല്ലിക്കല്‍, ടി.ജി. സലീംകുമാര്‍ കെ.എ. നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.