പത്ര ലേഖകനെന്ന വ്യാജേന തട്ടിപ്പ്: കര്‍ണാടക സ്വദേശി പിടിയില്‍

കൊച്ചി: ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പൊലീസിന്‍െറ പിടിയിലായി. പത്രത്തിന്‍െറ ലേഖകനായി ചമഞ്ഞ് കേരളത്തിലെ വിവിധ റിസോര്‍ട്ട് ഉടമകളെ സമീപിക്കുകയും ലേഖനമെഴുതാമെന്ന് വാഗ്ദാനം ചെയ്തും പലരില്‍നിന്ന് പണം വാങ്ങിയ കര്‍ണാടക കടബ സ്വദേശി അനീഷ് റഹ്മാനാണ് കൊച്ചി സിറ്റി സെന്‍ട്രല്‍ പൊലീസിന്‍െറ പിടിയിലായത്. 2015 ഡിസംബര്‍ മുതല്‍ വയനാട്, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. കര്‍ണാടക ഗോണികുപ്പ സ്വദേശി ഗുരുദത്തിന്‍െറ ടാക്സി ഓട്ടം വിളിച്ച് കേരളത്തിന്‍െറ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷം ടാക്സിക്കാരന് പണം നല്‍കാതെ എറണാകുളം മേനക ജങ്ഷന്‍ ഭാഗത്തുനിന്ന് പ്രതി മുങ്ങുകയായിരുന്നു. ടാക്സി ഡ്രൈവര്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്‍െറ പിടിയിലായത്. പൊലീസ് മേധാവി എം.പി. ദിനേശ്, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ എറണാകുളം അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ കെ.വി. വിജയന്‍െറ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പ്രതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ അനീഷ് റഹ്മാനെ തമിഴ്നാട് പളനിയില്‍ നിന്ന് എസ്.ഐ പൊന്നപ്പന്‍, എ.എസ്.ഐ അരുള്‍, എ.എസ്.ഐ സൗമ്യന്‍ എന്നിവരടങ്ങിയ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.